ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കി സ്വിഗ്ഗി

മുംബൈ: ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന തിരിച്ചറിവിലാണ് പുതിയ തീരുമാനം. ഡെലിവറി പാര്‍ട്ണര്‍ മേഖലയിലേക്ക് സ്ത്രീകളെ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ ഉത്തരവിന് പിന്നിലുണ്ട്.

സ്വിഗ്ഗിയുടെ ഭാഗമായി ജോലി ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാരായ 99 ശതമാനം സ്ത്രീകളും 45 വയസിനു താഴെ പ്രായമുളളവരാണ്. ആയിരത്തോളം സ്ത്രീകളാണ് സ്വിഗ്ഗിയുടെ ഡെലിവറി പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീകളായ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് ശൗചാലയം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് റസ്‌റ്റോറന്റ് ഉടമകളുമായി സ്വിഗ്ഗിയും സൊമാറ്റോയും ധാരണയിലെത്തിയിട്ടുണ്ടായിരുന്നു. നേരത്തെ ഡെലിവറി കമ്പനിയായ സൊമാറ്റോയും സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കിയിരുന്നു. ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സുരക്ഷിതമല്ലെന്ന് തോന്നുന്ന സ്ഥലങ്ങളിലേക്കുളള ഓര്‍ഡറുകള്‍ നിരസിക്കാനുളള അവസരമുണ്ട്.

Top