2021 ൽ ഇന്ത്യാക്കാർ കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിഗിയുടെ കണക്ക്

ദില്ലി: ഇന്ത്യാക്കാർ 2021 ൽ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിഗിയുടെ കണക്ക്. ഒരു മിനിറ്റിൽ 115 ബിരിയാണി വീതമാണ് വിറ്റുപോയത്. ന്യൂസിലന്റിലെ ജനസംഖ്യയോളം സമോസയും വിറ്റുപോയെന്ന് സ്വിഗിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.സ്പെയിനിലെ തക്കാളി ഉല്‍സവം 11 വര്‍ഷത്തേക്ക് നടത്താനാവശ്യമായ തക്കാളിയാണ് ഈ ബിരിയാണികള്‍ക്കായി ചെലവായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

2020 ൽ 3.5 കോടി ബിരിയാണി ഓർഡറുകളാണ് ഉണ്ടായത്. അത് 2021 ൽ 5.5 കോടിയായി ഉയർന്നു. 50 ലക്ഷം ഓർഡറുകളാണ് സമോസയ്ക്ക് ലഭിച്ചത്. പാവ് ബാജിക്ക് 21 ലക്ഷം ഓർഡറുകൾ കിട്ടി. പത്ത് മണിക്ക് ശേഷം ഇന്ത്യാക്കാർ കഴിച്ചത് അധികവും ചീസ് ഗാർലിക് ബ്രെഡും പോപ്കോണും ഫ്രഞ്ച് ഫ്രൈസുമായിരുന്നുവെന്നും സ്വിഗി പറയുന്നു.

ഗുലാബ് ജാമൂൻ 21 ലക്ഷം ഓർഡറുകളുമായി ഡെസേർട്ട് വിഭാഗത്തിൽ മുന്നിലെത്തി. റസ്മലായി 12.7 ലക്ഷം ഓർഡറുകളുമായി രണ്ടാം സ്ഥാനത്താണ്. 2021 ൽ 115 ബിരിയാണി വീതമാണ് ഓരോ നിമിഷവും ഓർഡർ ചെയ്യപ്പെട്ടത്. സെക്കന്റിൽ രണ്ട് ഓഡർറുകൾ വീതമാണ് കിട്ടിയത്. ഇതിൽ തന്നെ വെജിറ്റബിൾ ബിരിയാണിയേക്കാൾ 4.3 മടങ്ങ് അധികമാണ് ചിക്കൻ ബിരിയാണിക്ക് കിട്ടിയ ഓർഡർ. ചെന്നൈ, കൊല്‍ക്കത്ത, ലക്നൌ, ഹൈദരബാദ് നഗരങ്ങളാണ് ചിക്കന്‍ ബിരിയാണി ഓര്‍ഡറില്‍ മുന്നിലുള്ളത്. മുംബൈയ്ക്കാരുടെ ഭക്ഷണ ശീലത്തില്‍ ദാല്‍ ഖിച്ച്ഡിയാണ് മുന്‍പില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഹെൽത്തി ഫുഡിന് വേണ്ടിയുള്ള അന്വേഷണത്തിലും വലിയ വർധനവുണ്ടായി. ഇത്തരം ഭക്ഷണശാലകളിലേക്കുള്ള ഓർഡറുകളുടെ എണ്ണം 200 ശതമാനം വർധിച്ചു. ബെംഗളൂരുവിലാണ് ഈ ശീലക്കാർ കൂടുതലുള്ളത്. ഹൈദരാബാദും മുംബൈയും തൊട്ടുപിന്നിലുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഹെൽത്തി ഫുഡ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്.

Top