സ്വിഗി ഡെലിവറി ബോയ്സ് എന്ന വ്യാജേന ലഹരി മരുന്ന് കടത്ത്; മൂന്ന് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവും ലഹരി മരുന്ന് ഗുളികകളും പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് എല്‍എസ്ഡി സ്റ്റാമ്പുകളും എംഡിഎംഎ ഗുളികകളും അടക്കം എക്സൈസ് കണ്ടെത്തിയത്. രണ്ടു കേസുകളിലായി മൂന്നു പേരെയാണ് കഴക്കൂട്ടം എക്‌സൈസിസ് കസ്റ്റഡിയിലെടുത്തത്.

ശ്രീകാര്യം വെഞ്ചാവോടു വച്ചാണ് രണ്ടു കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ വെഞ്ചാവോട് സ്വദേശി നന്ദു(21) കഴക്കൂട്ടം സ്വദേശിയായ വിശാഖ് (23) എന്നിവര്‍ പിടിയിലായത്.

പാങ്ങപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ വരികയായിരുന്ന മുഹമ്മദ് സനുവിന്റെ (25) കൈവശം നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളും എംഡിഎംഎ ഗുളികകളും പിടികൂടിയത്. സ്വിഗി ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെന്ന വ്യാജേനയാണ് ഇവര്‍ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഭക്ഷണ വിതരണത്തിനുള്ള ബാഗിലാണ് പ്രതികള്‍ ലഹരി പദാര്‍ഥങ്ങള്‍ കടത്തിയിരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും ഐടി മേഖലിയിലുള്ളവര്‍ക്കുമാണ് ഇവ വില്പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് ലഹരി പദാര്‍ഥങ്ങളുടെ കടത്ത് കൂടുമെന്നതിനാല്‍ എക്‌സൈസ് സംസ്ഥാനത്തുടനീളം വ്യാപക പരിശോധനയാണ് നടത്തുന്നത്.

 

 

Top