സ്വിഗി ഡെലിവെറി ബോയ് നെതര്‍ലന്‍ഡ്‌സ് ടീമിന്റെ നെറ്റ് ബൗളര്‍

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് തന്റെ സ്വപ്നമെന്ന് ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ നെറ്റ് ബോളറായി തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട് സ്വദേശി ലോകേഷ് കുമാര്‍. സ്വിഗി ഡെലിവെറി ഏജന്റായി ജോലി ചെയ്യുന്ന ലോകേഷിനെ ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നാണ് ടീം മാനേജ്‌മെന്റ് നേരിട്ട് തിരഞ്ഞെടുത്തത്. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇടം കയ്യന്‍ റിസ്റ്റ് സ്പിന്നറായ ലോകേഷ് നെതര്‍ലന്‍ഡ്‌സ് ടീമിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്.

‘നിരവധി മികവുറ്റ താരങ്ങള്‍ക്കിടയില്‍ നിന്നാണ് എന്നെ തേടി ഈ അവസരമെത്തിയത്. എന്റെ കഴിവിന് ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നത്. ഗൂഗ്ലിയും അതിവേഗത്തില്‍ വേരിയേഷനോടുകൂടി പന്തെറിയാന്‍ കഴിയുന്നതുമാണ് എന്റെ കരുത്ത്. കഴിഞ്ഞ നാല് വര്‍ഷമായി തമിഴ്‌നാട് ലീഗുകളിലെ അഞ്ചാം ഡിവിഷനിലാണ് ഞാന്‍ കളിക്കുന്നത്, ഈ വര്‍ഷമാണ് നാലാം ഡിവിഷനിലേക്കുള്ള കരാറിലെത്തിയത്. ഐപിഎല്ലിലേക്ക് എത്തുകയാണ് സ്വപ്നം,’ ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ജോലിക്കിടയിലും തന്റെ സ്വപ്നം കൈവിടാന്‍ ലോകേഷ് തയാറായിരുന്നില്ല. വാരാന്ത്യത്തില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ലീഗുകളില്‍ കളിച്ചായിരുന്നു ലോകേഷ് തന്റെ ബോളിങ്ങിന് മൂര്‍ച്ച കൂട്ടിയിരുന്നത്. മുഴുവന്‍ സമയജോലിക്കിടയിലും ക്രിക്കറ്റുമായി മുന്നോട്ട് പോകാനുള്ള ഉറച്ച തീരുമാനത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു നെതര്‍ലന്‍ഡ്‌സ് ടീമിനൊപ്പം ചേരാന്‍ ലഭിച്ച അവസരം. അതും ലോകകപ്പ് പോലെ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഒരു ടൂര്‍ണമെന്റില്‍. കഴിഞ്ഞ നാല് വര്‍ഷമായി സ്വിഗി ഏജന്റായി ജോലി ചെയ്യുന്ന ലോകേഷ് എങ്ങനെ ക്രിക്കറ്റിലേക്ക് എത്തിയെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാവും. ചെറുപ്പകാലം മുതല്‍ തന്നെ ക്രിക്കറ്റ് മാത്രമായിരുന്നു ലോകേഷിന്റെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ചപ്പോലെ കരിയറില്‍ വളര്‍ച്ച കൈവരിക്കാനാകാതെ പോയതോടെയാണ് ഉപജീവനത്തിനായി ഫുഡ് ഡെലിവെറി എന്ന മാര്‍ഗം സ്വീകരിക്കാന്‍ ലോകേഷ് തയാറായത്.

 

 

Top