സ്വിഗ്ഗി 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു

ബംഗളുരൂ: രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ഉള്‍പ്പെടയുള്ള പുതു നിക്ഷേപകരില്‍ നിന്ന് 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു.

പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും ചുവടു വയ്ക്കുന്നതിനു വേണ്ടിയാണ് നിക്ഷേപ സമാഹരണം. എട്ടു നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനും സ്റ്റാര്‍ട്ടപ്പിന് പദ്ധതിയുണ്ട്. ഈ വര്‍ഷം ആദ്യം നടന്ന നിക്ഷേപ സമാഹരണത്തെത്തുടര്‍ന്ന് 1.3 ബില്യണ്‍ ഡോളറിലെത്തിയ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം പുതിയ നിക്ഷേപ സമാഹരണത്തോടെ 2.5 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇത് വരെ 465 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിട്ടുള്ള സ്വിഗ്ഗി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ ഏറ്റവുമധികം നിക്ഷേപ സമാഹരണം നടത്തിയിട്ടുള്ള കമ്പനിയാണ്. രാജ്യത്തെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെറാഡൂണ്‍, പുതുച്ചേരി, മൈസൂര്‍, വിജയവാഡ, നാസിക്, ഗുവാഹത്തി, കാന്‍പൂര്‍, ലുധിയാന എന്നീ നഗരങ്ങളിലാണ് സ്വിഗ്ഗി പുതിയതായി സേവനമാരംഭിക്കാനൊരുങ്ങുന്നത്.

Top