അമ്മ ഐ.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും

തിരുവനന്തപുരം: അമ്മ സംഘനടയുടെ പരാതി പരിഹാര സെൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്വേത മേനോൻ രാജിവെച്ചു. ഐ.സി.സി അംഗമായ കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്. വിജയ് ബാബു കേസിൽ അമ്മ സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. ഐ.സി.സി അംഗമായ മാല പാർവതി ഇന്നലെ രാജിവെച്ചിരുന്നു.

നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സണായ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

എന്നാൽ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിക്കുന്നവർ വാദിച്ചത്. ദീർഘനേരത്തെ ചർച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

പീഡന പരാതി ഉയർന്നതിനെ തുടർന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിർത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയിൽ അയച്ചിരുന്നു. ഇതേ തുടർന്നാണ് അമ്മ നിർവാഹക സമിതി യോഗം തീരുമാനമെടുത്തത്.വിജയ് ബാബു ഇരയുടെ പേര് പറഞ്ഞതിൽ നടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അമ്മ നിലവിൽ എടുത്തിരിക്കുന്നത് അച്ചടക്ക നടപടിയല്ലെന്നും മാല പാർവതി പറഞ്ഞിരുന്നു

Top