മിഠായിക്കൊപ്പം കളിപ്പാട്ടം ഒന്നിച്ചു വേണ്ട; നിര്‍ദേശവുമായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

തിരുവനന്തപുരം: മിഠായിക്കൊപ്പം കളിപ്പാട്ടവും വെച്ചുനല്‍കുന്ന കച്ചവടത്തിന് തടയിടാന്‍ ഒരുങ്ങി ദേശീയഭക്ഷ്യസുരക്ഷാ അതോറിറ്റി. കളിപ്പാട്ടങ്ങളിലെ രാസവസ്തു മിഠായി ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങളില്‍ കലരാന്‍ ഇടയാകുമെന്നതിനാലാണ് നടപടി.

ഇതു സംബന്ധിച്ച നിര്‍ദേശം ദേശീയഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. കളിപ്പാട്ടങ്ങളില്‍ മിഠായിയും സമ്മാനപ്പൊതികളില്‍ പലഹാരം പൊതിഞ്ഞു നല്‍കുന്നതുമാണ് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നത്.ചൂട് കൂടുമ്പോള്‍ മിഠായിയും പലഹാരങ്ങളും അലിയാന്‍ സാധ്യത കൂടുതലാണ്. ഈ സമയത്ത് കളിപ്പാട്ടങ്ങളിലെയും സമ്മാനപ്പൊതികളിലെയും പ്ലാസ്റ്റിക് അംശം മിഠായിയുമായി ചേരും.
ഇത് ശരീരത്തിനുള്ളില്‍ എത്തുന്നത് ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും.

കുട്ടികളെ ആകര്‍ഷിക്കുന്നതിനായാണ് മിഠായികളുടെ നിര്‍മ്മാതാക്കള്‍ കളിപ്പാട്ടവുമായി ഇത് ചേര്‍ത്തുവെക്കുന്നത്. ചെറിയ പാവകള്‍, വാഹനമാതൃകകള്‍ തുടങ്ങിയ കളിപ്പാട്ടങ്ങളാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കരുതെന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം.

Top