തുര്‍ക്കി അയഞ്ഞു; സ്വീഡനും ഫിന്‍ലന്‍ഡും ഉടന്‍ നാറ്റോ സഖ്യത്തിലേക്ക്

നാറ്റോ സഖ്യത്തിൽ ചേരുന്നതിനായി ഫിൻലൻഡിനോയും സ്വീഡനേയും ഉടൻ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുർക്കിയുടെ എതിർപ്പ് നീങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാകുന്നത്. അടുത്ത ദിവസം തന്നെ ഇരുരാജ്യങ്ങളേയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.

ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം മുതലായ വിഷയങ്ങളിൽ തുർക്കിക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചതോടെയാണ് ഫിൻലൻഡിനും സ്വീഡനും നാറ്റോയിൽ പ്രവേശിക്കാൻ വഴിയൊരുങ്ങിയത്. തുർക്കിയുടെ ആവശ്യങ്ങളിലൂന്നി തുർക്കിയും സ്വീഡനും ഫിൻലൻഡും കരാറിൽ ഒപ്പുവച്ചു. ഇനി ഈ രാജ്യങ്ങളുടെ നാറ്റോ പ്രവേശനം വളരെ വേഗത്തിൽ സാധ്യമാകുമെന്ന് മാഡ്രിഡിൽ നടന്ന ചർച്ചകൾക്ക് ശേഷം ചൊവ്വാഴ്ച സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

പികെകെയ്ക്കും മറ്റ് കുർദിഷ് തീവ്രവാദ ഗ്രൂപ്പുകൾക്കുമെതിരായ പോരാട്ടത്തിൽ തുർക്കിയുമായി പൂർണ്ണമായി സഹകരിക്കാൻ രണ്ട് നോർഡിക് രാജ്യങ്ങളും സമ്മതിച്ചതായി അൽപ സമയം മുൻപാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദൊഗൻ പ്രഖ്യാപിച്ചത്. 2019ൽ സിറിയയിലേക്കുള്ള അങ്കാറയുടെ സൈനിക നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉപരോധം പിൻവലിക്കാനും ഇരുനോർഡിക് രാജ്യങ്ങളും സമ്മതിച്ചു.

Top