ഫലം വന്ന് പിറ്റേന്നു തന്നെ സത്യപ്രതിജ്ഞ; ഭാവനാസൃഷ്ടി എന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: വോട്ടെണ്ണല്‍ ഫലം വന്ന് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയയെന്ന വാര്‍ത്ത ഭാവനാസൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന കോവിഡ് അവലോകനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

സത്യപ്രതിജ്ഞ സംബന്ധിച്ച് വന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .അതിനെക്കുറിച്ച് ഇപ്പോള്‍ ഒരു ആലോചനയും നടത്തിയിട്ടില്ല. ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നര്‍ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതും കൂടി ഇരിക്കട്ടെയെന്നതാണ് അദ്ദേഹം പറഞ്ഞു. തങ്ങള്‍ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം വരുന്നതിന്റെ അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒറ്റയ്‌ക്കോ പാര്‍ട്ടിയില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നുമുള്ള മൂന്നോ നാലോ മന്ത്രിമാര്‍ക്കൊപ്പം ലളിതമായി സത്യപ്രതിജ്ഞ നടത്തുകയെന്നായിരുന്നു വാര്‍ത്ത.സാധാരണഗതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാകും.

Top