സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്വലായി സംഘടിപ്പിക്കണം: പാര്‍വ്വതി

രിത്രം തിരുത്തിയെഴുതി തുടര്‍ഭരണത്തിലേക്ക് കയറുന്ന എല്‍ഡിഎഫ് സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. സ്വര്‍ണക്കടത്തും ലൈഫ് മിഷനും പോലുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും കൊവിഡിനെയും തുടര്‍ച്ചയായി വരുന്ന പ്രളയത്തെയും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരിനായിരുന്നു ഇത്തവണത്തെ വോട്ട്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് കടന്നു. പ്രതിദിനം 20,000ല്‍ കുറയാതെ കേരളത്തിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.

എന്നാല്‍, ഇടത് സര്‍ക്കാരിന്റെ സതൃപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചതും അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തെ ചൊല്ലിയും വലിയ വിമര്‍ശനങ്ങളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കുമെന്ന പുതിയ തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരിക്കുകയാണ്.

ഇതുവരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സര്‍ക്കാരിന്റെ ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും സ്വീകാര്യമല്ലാത്തതുമാണെന്ന് പാര്‍വതി പറഞ്ഞു.’കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായം ചെയ്തും വളരെ ഉത്തരവാദിത്തത്തോടെയും ഈ മഹാമാരിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്നതില്‍ ഒരു സംശയവുമില്ല. അതിനാല്‍ തന്നെ ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണ്,’ എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു.

കൊവിഡ് വര്‍ധിക്കുകയാണെന്നും ഇപ്പോള്‍ ഇതിനെ പിടിച്ചുകെട്ടാനാണ് ശ്രമിക്കേണ്ടതെന്നും താരം പറഞ്ഞു. മഹാമാരിക്കെതിരെ മികച്ച പ്രവര്‍ത്തനം ചെയ്യാന്‍ ഒരു അവസരമുള്ളപ്പോള്‍ ഇങ്ങനെയുള്ള തീരുമാനം അങ്ങേയറ്റം തെറ്റാണ്. പൊതുസ്ഥലത്ത് ഒത്തുകൂടുന്നത് ഒഴിവാക്കി ചടങ്ങ് വെര്‍ച്വലായി നടത്താന്‍ കേരള മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നതായും പാര്‍വതി തിരുവോത്ത് റീട്വീറ്റില്‍ വിശദമാക്കി.

 

Top