ഭിന്നശേഷിയുള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്വാവലംബന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നവരുടെ പ്രീമിയം തുക ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കി നല്കാന് സാമൂഹികനീതി വകുപ്പിനു സര്‍ക്കാര്‍ നിര്‍ദേശം നല്കി.
രണ്ടുലക്ഷം രൂപവരെ പ്രതിവര്‍ഷം ചികില്‍സാ സഹായമായി ലഭിക്കുന്ന പദ്ധതിക്ക് 355 രൂപയാണു പ്രീമിയം തുക. കേന്ദ്ര സാമൂഹികനീതി മന്ത്രാലയവുമായി സഹകരിച്ചു ന്യൂ ഇന്ത്യ അഷ്വറന്‍സ് ആണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ നിലവിലുള്ള നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി സാങ്കേതിക നൂലാമാലകളെത്തുടര്ന്നു പലര്‍ക്കും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായപ്പോഴാണു പുതിയ പദ്ധതി ആരംഭിച്ചത്.
ബുദ്ധിവൈകല്യം, ചലനവൈകല്യം, കാഴ്ച-കേള്‍വി രോഗങ്ങള്‍ ഉള്ളവര്‍ക്കെല്ലാം അംഗങ്ങളാകാം.വൈകല്യമുള്ള കുടുംബനാഥനും ജീവിതപങ്കാളിക്കും രണ്ടു മക്കള്‍ക്കും ചികില്‍സാ സഹായത്തിന് അര്‍ഹതയുണ്ട്.
പ്രതിവര്‍ഷ വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ള 65 വയസ്സ് വരെയുള്ളവര്‍ക്ക് അംഗങ്ങളാകാം. ഇവര്‍ക്കു നിശ്ചിത ആശുപത്രികളില്‍ പണം നല്‍കാതെ ചികില്‍സ ലഭിക്കും.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നിവയുള്ളവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഇവര്‍ക്കു ബുദ്ധിവൈകല്യം, ചലനവൈകല്യം എന്നിവയുണ്ടെന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ കോഴിക്കോട്ടുള്ള കോംപസിറ്റ് റീജനല്‍ സെന്റര്‍ ഫോര്‍ പഴ്സന്‍സ് വിത് ഡിസെബിലിറ്റീസ് (സിആര്‍സി) ആണു പദ്ധതിയുടെ കേരളത്തിലെ നിര്‍വഹണ ഏജന്‍സി.
ഭിന്നശേഷിക്കാരുടെ വിശദ സര്‍വേ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍നിന്ന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കി നല്‍കാനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ പദ്ധതി വിഹിതത്തില്നിന്നാണു പ്രീമിയം തുക കണ്ടെത്തുക.