സ്വതന്ത്ര വീർ സവർക്കർ ഫസ്റ്റ് ലുക്ക്: വി ഡി സവർക്കറായി രൺദീപ് ഹൂഡ

സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിൽ വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ പ്രധാന വേഷത്തിലെത്തും. മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രത്തിന്റെ സംവിധായകൻ.സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഓഗസ്റ്റോടെയാകും ഷൂട്ട് തുടങ്ങുക. ചരിത്രം അവഗണിച്ച ചില കാര്യങ്ങള്‍ പറയാൻ ഇതാണ് ശരിയായ സമയമെന്ന് സംവിധായകൻ മഹേഷ് വി മഞ്‍ജരേക്കര്‍ പറഞ്ഞിരുന്നു.

നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് എന്ന് ചിത്രം സ്വീകരിച്ചതിനെ കുറിച്ച് രണ്‍ദീപ് ഹൂഡ പറഞ്ഞു. എന്നാൽ എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ സിനിമയാകേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു

ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല.

Top