ശത്രുവിനെ തകര്‍ക്കാന്‍ ചാവേര്‍ ഡ്രോണുകളുമായി ഇന്ത്യ

ന്യൂഡല്‍ഹി: ശത്രുവിന്റെ പാളയത്തിലേക്ക് പാഞ്ഞുകയറി കനത്ത നാശം വിതയ്ക്കുന്ന ചെറു ഡ്രോണുകള്‍ നിര്‍മ്മിച്ച് ഇന്ത്യ. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലെ (എച്ച്.എ.എല്‍) എഞ്ചിനീയര്‍മാരാണ് ഇന്ത്യയുടെ പുതിയ ആയുധത്തെ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. ആല്‍ഫാ എസ് ( എയര്‍ ലോഞ്ചഡ് ഫ്‌ളൈക്സിബിള്‍ അസ്സെറ്റ്) എന്ന് പേരിട്ടിരിക്കുന്ന ചെറുഡ്രോണുകള്‍ അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും.

സ്വാം എന്നാണ് ഇവയെ ആകെ വിശേഷിപ്പിക്കുന്നത്. ഒരു സ്വാം യൂണിറ്റില്‍ നിരവധി ചെറു ഡ്രോണുകള്‍ ഉണ്ടാകും. നിലവിലെ ഡ്രോണുകളേക്കാള്‍ ചെറുതായതിനാല്‍ ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ ഇവ പെട്ടന്ന് അകപെടില്ല. അഥവാ കണ്ടെത്തിയാല്‍ തന്നെ നിലവിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒറ്റയടിക്ക് ഇവയെമുഴുവനും തകര്‍ക്കാനും സാധിക്കില്ല.ഇന്ത്യ വികസിപ്പിക്കുന്ന കോമ്പാറ്റ് എയര്‍ടീമിങ് സിസ്റ്റം അഥവാ കാറ്റ്സ് ന്റെ ഭാഗമാണ് സ്വാം സംവിധാനം.

നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ക്ക് മടക്കിവെക്കാവുന്ന രണ്ട് ചിറകുകളാണുള്ളത്. ഒരുമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെയാകും ഈ ചിറകുകളുടെ ഇവയുടെ നീളം. യുദ്ധവിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിഘടിപ്പിച്ചിട്ടുള്ള കാനിസ്റ്ററിനുള്ളിലാണ് ഈ ഡ്രോണുകളെ സൂക്ഷിക്കുക.

ശത്രുവിമാനത്തില്‍ നിന്നോ അവരുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ നിന്നോ സുരക്ഷിത അകലത്തില്‍ നിന്ന് ഈ ഡ്രോണുകളെ വിക്ഷേപിക്കാം. ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഇവ ശത്രുപാളയത്തിലേക്ക് പാഞ്ഞുകയറും. മണിക്കൂറുകളോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന തരത്തില്‍ ഊര്‍ജം നില്‍ക്കുന്ന തരത്തിലുള്ള ബാറ്ററിയാണ് ഇവയില്‍ ഘടിപ്പിക്കുക.

പ്രോട്ടോടൈപ്പ് യാഥാര്‍ഥ്യമായാല്‍ പരീശീലന വിമാനമായ ഹോക്ക് ജെറ്റില്‍നിന്നാകും ആദ്യ പരീക്ഷണം നടത്തുക. ഇന്ത്യയുടെ ഏത് യുദ്ധവിമാനത്തില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലാകും ഇവയെ നിര്‍മിച്ചെടുക്കുക. ഇന്‍ഫ്രാറെഡ്, ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സര്‍ എന്നിവവഴി ഇവയെല്ലാം പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കും. സാഹചര്യങ്ങളെ സ്വയം തിരിച്ചറിയാനുള്ള സംവിധാനം ഈ ചെറു ഡ്രോണുകള്‍ക്കുണ്ടാകും.

ചാവേര്‍ ആക്രമണം പോലെ ലക്ഷ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയാണ് ഓരോ ഡ്രോണുകളും ചെയ്യുക. ഇവയിലോരൊന്നിലും അതിശക്തമായ സ്ഫോടകവസ്തുക്കളുണ്ടാകും. അമേരിക്ക, ചൈന. റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരെല്ലാം ഇത്തരമൊരു ആയുധത്തിന്റെ പണിപ്പുരയിലാണ്. ഇവരേക്കാള്‍ മുമ്പെ ഇന്ത്യ ലക്ഷ്യം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

Top