തേനീച്ച പടനയിച്ചെത്തി; ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം തടസപ്പെട്ടു

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന മത്സരം പതിനഞ്ച് മിനുറ്റോളം തടസപ്പെട്ടു. തേനീച്ചയുടെ ആക്രമണത്തെത്തുടര്‍ന്നാണ് മത്സരം തടസപ്പെട്ടത്.

മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു തേനീച്ച പടനയിച്ചെത്തിയത്. മത്സരം കാണാനായി ഗ്യാലറിയില്‍ ഇരുന്ന ആരാധകരെയാണ് തേനീച്ച ആക്രമിച്ചത്. മൂന്ന് കാണികള്‍ക്കായിരുന്നു തേനീച്ചയുടെ കുത്തലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളിക്കാര്‍ക്ക് നേരെ തേനീച്ചയുടെ ആക്രമണം ഉണ്ടായില്ല, എങ്കിലും പതിനഞ്ച് മിനുറ്റോളം മത്സരം നിര്‍ത്തിവെക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Top