സോഷ്യല്‍ മീഡിയയില്‍ ഹീറോയായി സ്വരാജ്, ‘സീറോയായി”പ്രതിപക്ഷവും

ത്ര യുവാക്കള്‍ എം.എല്‍.എമാരായിട്ടുണ്ട് എന്നതിലല്ല ഉള്ളവരില്‍ ‘പവര്‍ഫുള്‍’ ആരാണെന്നതിലാണ് കാര്യം. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ ശരിക്കും ബോധ്യപ്പെടുത്തിയ ദിവസമാണ് ആഗസ്റ്റ് 24. നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി.ഡി സതീശന്റെ തുടക്കം തന്നെ പാളിയപ്പോള്‍ ഗോളടിച്ചത് എം.സ്വരാജാണ്. അക്കമിട്ട് നിരത്തിയ ഈ സി.പി.എം എം.എല്‍.എയുടെ ചോദ്യശരങ്ങള്‍ യു.ഡി.എഫിന്റെ നെഞ്ചിലാണ് തറച്ചു കയറിയിരിക്കുന്നത്. പ്രതിപക്ഷ നിരയിലെ യുവതുര്‍ക്കികളായ ഷാഫി പറമ്പില്‍, കെ.എം ഷാജി, വി.ടി ബല്‍റാം, ശബരീനാഥ്, അനില്‍ അക്കരെ, അന്‍വര്‍ സാദത്ത് മുതല്‍, ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വരെയുള്ള നേതാക്കള്‍ അന്തംവിട്ടാണ് ഈ പ്രസംഗം കേട്ടുകൊണ്ടിരുന്നത്. അത്രയ്ക്കും കൃത്യവും വ്യക്തവും അക്രമാസക്തവുമായിരുന്നു സ്വരാജിന്റെ വാക്കുകള്‍.

പൊതുപ്രവര്‍ത്തകനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞതുപോലെ പ്രതിപക്ഷ ബെഞ്ചുകള്‍ക്ക് മേല്‍ ആറ്റം ബോബിട്ട പോലുള്ള അവസ്ഥ തന്നെയായിരുന്നു അത്. ചരിത്രത്തിന് ചരിത്രം, കണക്കുകള്‍ക്ക് കണക്ക്, പരിഹാസത്തിന് പരിഹാസം എല്ലാം സമാസമം ചേര്‍ത്ത ഒരു പെര്‍ഫോമന്‍സായിരുന്നു അത്. പത്ത് ചെന്നിത്തലമാര്‍ നൂറ് പത്രസമ്മേളനം നടത്തിയാലും, നാല് വിനു വി ജോണുമാര്‍, നാന്നൂറ് ന്യൂസ് അവറുകള്‍ നയിച്ചാലും, ഇത്തരം സകല ബില്‍ഡപ്പുകളും പപ്പടം പോലെ പൊടിക്കാന്‍ സ്വരാജിന് പത്ത് മിനുട്ട് സമയം മതിയെന്നാണ് ബഷീര്‍ വള്ളിക്കുന്നിന്റെ സാക്ഷ്യപ്പെടുത്തല്‍.

നിഷ്പക്ഷമായ ഈ വിലയിരുത്തലിന് സമാനമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റു പ്രതികരണങ്ങളും. പത്തൊമ്പത് മിനിറ്റില്‍ സ്വരാജ് സഭയില്‍ പറഞ്ഞത് രണ്ട് ഭരണകാലങ്ങളുടെ ചരിത്രമാണ്. അതാകട്ടെ ഏതൊരു മനുഷ്യനും കണ്ടിരിക്കേണ്ട പ്രസംഗവുമാണ്. എസ്‌.എഫ്.ഐയിലൂടെ തീപ്പൊരി പ്രാസംഗികനായി പേരെടുത്ത സ്വരാജ് ആദ്യ പ്രസംഗത്തില്‍ തന്നെ നിയമസഭയുടെയും മനം കവര്‍ന്ന നേതാവാണ്. തൃപ്പൂണിത്തുറയില്‍ നിന്നും കെ.ബാബു എന്ന അതികായകനെ അട്ടിമറിച്ചായിരുന്നു ആദ്യ വിജയം. മുതിര്‍ന്ന നേതാക്കളെ പോലും വെള്ളം കുടിപ്പിക്കുന്ന ചാനല്‍ പുലികള്‍ സ്വരാജിന് മുന്നില്‍ നനഞ്ഞ പടക്കമായി മാറുന്നതും ഈ കേരളം പല തവണ കണ്ടിട്ടുള്ളതാണ്. രാഷ്ട്രീയ എതിരാളികള്‍ നിയമസഭക്ക് പുറത്തും സ്വരാജിന്റെ നാവിന്റെ ചൂടറിഞ്ഞിട്ടുണ്ട്. സംഘപരിവാര്‍ ബുദ്ധികേന്ദ്രമായ ടി ജി മോഹന്‍ദാസിനെ പൊളിച്ചടുക്കിയ അഞ്ച് മിനിറ്റ് നീളമുള്ള ഒരു ചര്‍ച്ച ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഏഷ്യാനെറ്റിലെ മാത്രമല്ല, മനോരമയുടെയും മാതൃഭൂമിയുടെയും ഉള്‍പ്പെടെ സകല ചാനല്‍ അവതാരകര്‍ക്കും സ്വരാജ് നല്‍കിയ ചുട്ടമറുപടികളും ഇപ്പോഴും യൂട്യൂബിലുണ്ട്. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള പ്രത്യേക കഴിവാണിത്. ലോക്‌സഭയില്‍ പത്തൊമ്പത് സീറ്റ് തോറ്റ് നിലപാടിന് വോട്ട് കിട്ടാതെ നിരാശരായി ഇരുന്ന ഓരോ സഖാക്കളേയും ഉത്തേജിപ്പിച്ചതും സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റായിരുന്നു. ഒരൊറ്റ വാക്കുപോലും അയാളുടെ വായില്‍ നിന്നും അറിയാതെ ഇറങ്ങിവരില്ലെന്നാണ് സഖാക്കളുടെയും പ്രതികരണം. വേണ്ടെന്ന് വെക്കാനൊരു കുത്തോ കോമയോ സ്വരാജിന്റെ പ്രതികരണത്തില്‍ കാണില്ലന്നാണ് മാധ്യമ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.

നിയമസഭയില്‍ സ്വരാജ് നടത്തിയ പത്തൊമ്പത് മിനിറ്റ് പ്രസംഗത്തെ അതി ഗംഭീരമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും സ്വരാജിന്റെ പ്രസംഗത്തെ മനസ്സുകൊണ്ട് ആസ്വദിക്കുന്ന വിഭാഗം യു.ഡി.എഫിലുമുണ്ട്. ഇത്തരമൊരു എം.എല്‍.എ തങ്ങള്‍ക്ക് ഇല്ലാതെ പോയല്ലോ എന്ന് മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ തന്നെ ചിന്തിച്ചു പോയ ദിവസമാണ് കഴിഞ്ഞു പോയിരിക്കുന്നത്. സഭയില്‍ മാത്രമല്ല ചാനല്‍ ചര്‍ച്ചകളിലും സി.പി.എം പ്രതിരോധത്തിന്റെ കുന്തമുനയാണ് ഈ തൃപ്പൂണിത്തുറ എം.എല്‍.എ.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന പതിവും സ്വരാജിനില്ല. അതു കൊണ്ട് തന്നെയാണ് കുത്തക മാധ്യമങ്ങള്‍ക്കെതിരെയും സഭയില്‍ അദ്ദേഹം ആഞ്ഞടിച്ചത്. മാധ്യമങ്ങള്‍ ‘കനിഞ്ഞുള്ള’ ഒരു വിജയം തനിക്ക് വേണ്ടെന്ന ആ നിലപാട് ഇവിടെ വ്യക്തമാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിട്ടും ഈ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് തന്റെ രാഷ്ട്രീയത്തിലുള്ള അടിയുറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. മറ്റു പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ഇല്ലാതെ പോകുന്നതും അതു തന്നെയാണ്. അവരെ സംബന്ധിച്ച് മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത എതിരായി വന്നാല്‍ പോലും മുട്ടിടിക്കും. അതുകൊണ്ട് തന്നെ മാധ്യമ ഏമാന്‍മാരെ കാണുമ്പോള്‍ തല അറിയാതെ കുനിഞ്ഞും പോകും. എന്നാല്‍ മാധ്യമ പരിലാളന ഏറ്റുവാങ്ങാത്ത കമ്യൂണിസ്റ്റുകള്‍ക്ക് അതിന്റെ ഒരു ആവശ്യവുമില്ല. അവര്‍ തല ഉയര്‍ത്തി തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തും. അതാണ് ചങ്കൂറ്റം. സ്വരാജിനുള്ളതും അതുതന്നെയാണ്.

Top