രാഹുല്‍ഗാന്ധിയുടെ ജന്‍ ന്യായ് പദയാത്രയില്‍ അണിചേര്‍ന്ന് സ്വര ഭാസ്‌കര്‍

മുംബൈ: രാഹുല്‍ഗാന്ധിയുടെ ജന്‍ ന്യായ് പദയാത്രയില്‍ അണിചേര്‍ന്ന് സ്വര ഭാസ്‌കര്‍. തുഷാര്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്കൊപ്പമാണ് സ്വരയും പദയാത്രയില്‍ അംഗമായത്. വിദ്വേഷത്താലല്ല, സ്നേഹത്താലാണ് രാജ്യം നിര്‍മിക്കപ്പെട്ടതെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയുമെന്ന് സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.

‘ജനങ്ങളുടെ മനസിലുള്ളത് അറിയാന്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്ത മറ്റൊരു രാഷ്ട്രീയനേതാവുണ്ടോയെന്ന് എനിക്കറിയില്ല. രാഹുല്‍ഗാന്ധി ജനങ്ങളെ കണ്ട് അവരുമായി ബന്ധം സ്ഥാപിക്കുകയാണ്’, സ്വര കൂട്ടിച്ചേര്‍ത്തു. 2022 ഡിസംബറില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലും നേരത്തെ സ്വര ഭാസ്‌കര്‍ പങ്കെടുത്തിരുന്നു.

മണിപ്പുരില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ ന്യായ് യാത്ര കഴിഞ്ഞ ദിവസം ദാദറിലെ ഡോ. ബി.ആര്‍. അംബേദ്കറുടെ സ്മാരകമായ ചൈത്യഭൂമിയില്‍ സമാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുംബൈയില്‍ ന്യായ് സങ്കല്‍പ് പദയാത്ര നടത്തിയത്. സൗത്ത് ഡല്‍ഹിയില്‍ മഹാത്മാഗാന്ധിയുടെ വസതിയായിരുന്ന മണി ഭവനില്‍നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനം വരെയാണ് പദയാത്ര.

Top