സ്വപ്ന സുരേഷ് എൻ.ഐ.എ കസ്റ്റഡിയിൽ !

ബെംഗലുരു: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ബെംഗലരുവില്‍ വച്ചാണ് പിടികൂടിയിരിക്കുന്നത്. കൂട്ട് പ്രതി സന്ദീപും കൂടെ ഉണ്ടെന്നാണ് സൂചന. ഈ വാര്‍ത്ത പുറത്ത് വിട്ടത് ന്യൂസ് 18 കേരളയാണ്.

നാളെ കൊച്ചിയില്‍ എത്തിച്ച് എന്‍.ഐ.എ സ്വപ്നയെ വിശദമായി ചോദ്യം ചെയ്യും.ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ ചോദിച്ച് വാങ്ങും. ബെംഗലുരു എന്‍.ഐ.എ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

വിവാദ സ്വര്‍ണ്ണക്കടത്ത് സംഭവത്തിന് 6 ദിവസത്തിന് ശേഷമാണ് മുഖ്യപ്രതി പിടിയിലായിരിക്കുന്നത്.കോവിഡ് നിയന്ത്രണമുള്ളപ്പോള്‍ എങ്ങനെയാണ് സ്വപ്ന സ്വകാര്യ വാഹനത്തില്‍ അതിര്‍ത്തി കടന്നതെന്ന കാര്യമാണ് ഇനി അറിയാനുള്ളത്. മാധ്യമങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത ചൂട് പിടിക്കും മുന്‍പ് തന്നെ സ്വപ്ന സംസ്ഥാനം വിട്ടിരിക്കാനാണ് സാധ്യത.

അതേ സമയം സ്വപ്ന അടക്കമുള്ള കേസിലെ പ്രതികളുടെ മൊബൈല്‍ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ എടുത്തു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഉന്നതരുമായുള്ള ഇവരുടെ ബന്ധവും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

യു. എ. ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗിലാണ് പ്രതികള്‍ സ്വര്‍ണ്ണം കടത്തിയിരുന്നത്.രാജ്യത്തെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. സ്വപ്നയെ ചോദ്യം ചെയ്യുന്നതോടെ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണമെത്തിച്ചതെന്ന ചോദ്യത്തിനും സഹായിച്ചവരെ കുറിച്ചും വ്യക്തമായ ഉത്തരംകിട്ടും.

Top