‘സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നു;പി.സി. ജോര്‍ജ്

കോട്ടയം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നല്‍കിയ കേസില്‍ രണ്ടാം പ്രതിയാണ് താനെന്നും, എങ്ങനെയാണ് പ്രതിയായെന്ന് മനസിലാകുന്നില്ലെന്നും പി.സി. ജോര്‍ജ്. സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചു എന്നതാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ വിളിച്ചതാണ് സഖാക്കളുടെ ഇപ്പോഴത്തെ പ്രശ്‌നമെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായിയുടെ പേരില്‍ ആദ്യം കേസെടുക്കണം. ഇങ്ങനെ കേസെടുക്കാൻ തുടങ്ങിയാൽ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തും? ഒരു സ്ത്രീയെ 16 മാസം ജയിലിലിട്ട് പീഡിപ്പിച്ച കഥ അവര്‍ എന്നോട് പറഞ്ഞു.അവര്‍ ഒരു കുറിപ്പ് തന്നു, അതില്‍ പറഞ്ഞ കാര്യം ഞാന്‍ പത്രക്കാരോട് പറഞ്ഞു . അതാണ് ഞാന്‍ ചെയ്ത പാപം.

ജയിലില്‍ കിടക്കുന്ന ഒരു സ്ത്രീയെ അവിടെയിട്ട് പീഡിപ്പിക്കുകയും മുഖ്യമന്ത്രിയുടെ പേര് പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം, മുഖ്യമന്ത്രി താന്‍ നിരപരാധിയാണെന്ന് പറയുന്നതെന്തിനാണെന്ന് പി.സി.ജോര്‍ജ് ചോദിച്ചു. കേരളത്തില്‍ പല മുഖ്യമന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ വന്നിട്ടുണ്ട്.

സ്വപ്‌നയുടെ മൊഴിയാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. 166 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴി മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അത് നിഷേധിക്കാന്‍ സാധിക്കില്ല. പിണറായിക്ക് ഉപദേശം കൊടുക്കുന്ന ഏതോ മാന്യന്മാരുണ്ട്. അവര്‍ അങ്ങേരെ കുളമാക്കും. മിക്കവാറും ഇ.പി. ജയരാജനാകാനാണ് സാധ്യത. പിന്നെയൊരാള്‍ എസ്.ഡി.പി.ഐക്കാരന്‍ ജലീലാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു.

Top