‘സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ ആരോപണം’; ദേശീയ വനിത കമ്മീഷന് കത്തയച്ച് ശോഭ സുരേന്ദ്രൻ

ദില്ലി: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന് കത്തയച്ച് ശോഭ സുരേന്ദ്രൻ. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ, എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്കാണ് ശോഭാ സുരേന്ദ്രൻ കത്ത് നൽകിയത്. സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും കണ്ടിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട മാധ്യമ വാർത്തകളും ശോഭ സുരേന്ദ്രൻ വനിതാ കമ്മീഷന് കൈമാറി.

അതേസമയം സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്​സ്​മെന്റ് ഡയറക്​ടറേറ്റ്. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തില്‍ പറയുന്നത്.

 

Top