സ്വപ്‌ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; പരാതി കിട്ടായാല്‍ അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റില്‍ പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികള്‍ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടേത് എന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.

സാങ്കേതിക സര്‍വകലാശാലയായ ഇവിടെ ബികോം കോഴ്‌സ് പോലുമില്ല. സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലും കണ്ടെത്തിയിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സ്വപ്നയ്‌ക്കെതിരെ നേരിട്ട് സ്വമേധയാ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും കണ്ട്രോള്‍ ഓഫ് എക്‌സാമിനര്‍ ഡോ.വി. എസ്യ. സാഥെ പറഞ്ഞു.

എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ മാത്രമല്ല, ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഉന്നത ജോലി കിട്ടാനായി സ്വപ്ന ഉപയോഗിച്ചതും ഇതേ വ്യാജ സര്‍ട്ടിഫിക്കറ്റാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് പോലും വ്യാജമാണെന്ന് തെളിഞ്ഞിട്ടും സ്വപ്ന കരാര്‍ ജീവനക്കാരിയാണെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

Top