സ്വപ്ന ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വപ്ന സുരേഷ് ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പാഠമാണെന്നും ഇന്ന് നോക്കുമ്പോള്‍ അതൊരു വീഴ്ചയാണെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

സന്ദീപല്ല, സ്വപ്നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സാധാരണ ഗതിയില്‍ പോകാറില്ലെങ്കിലും സംരംഭകന്റെ അമ്മയോടുള്ള ആദരവിന്റെ പേരിലാണ് ചടങ്ങിന് പോയത്. ക്ഷണക്കത്തില്‍ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയില്ല. സ്വപ്നയുമായി അപരിചിതത്വമില്ല. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ മുഖമായി കേരള സര്‍ക്കാരിന് മുന്നിലെത്തിയിരുന്നത്. സര്‍ക്കാരിനോട് വിവിധ പരിപാടികളുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായാണ് അവരെ കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top