കെ.ടി.ജലീലിനെതിരെ കോടതിയിൽ നൽകിയ രഹസ്യമൊഴി പരസ്യമാക്കുമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു താൻ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസും മുൻമന്ത്രി കെ.ടി.ജലീലും കേരളാ പൊലീസും അവരുടെ ഇടനിലക്കാരനായ ഷാജ് കിരണും ഗൂഢാലോചന നടത്തിയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. കെ.ടി.ജലീലിനെതിരെ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴി 2 ദിവസത്തിനകം പരസ്യമാക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നലെ കൊച്ചിയിലെത്തി അഭിഭാഷകനെ നേരിൽ കണ്ടു നിയമോപദേശം തേടിയ ശേഷമാണു സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചത്.

കെ.ടി.ജലീലിനെതിരായ മൊഴി ഇനി രഹസ്യമാക്കിവയ്ക്കേണ്ടതില്ലെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ.കൃഷ്ണരാജും പ്രതികരിച്ചു. കോടതിയിൽ രഹസ്യമൊഴി നൽകിയയാൾ ഗൂഢാലോചനാ കേസിൽ പ്രതിയും ആ മൊഴി മാറ്റിപ്പറയിക്കാൻ യഥാർഥ ഗൂഢാലോചന നടത്തിയയാൾ പരാതിക്കാരനുമാകുന്ന സ്ഥിതി നീതിന്യായവ്യവസ്ഥയ്ക്കു നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വപ്ന മജിസ്ട്രേട്ട് മുൻപാകെ നൽകിയതു കുറ്റസമ്മത മൊഴിയാണോ കുറ്റകൃത്യം സംബന്ധിച്ച മൊഴിയാണോയെന്ന ചോദ്യത്തോടു പ്രതികരിക്കാൻ അഭിഭാഷകൻ തയാറായില്ല. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ട ശേഷമാണു സ്വപ്ന കൊച്ചിയിലേക്കു തിരിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടിസ് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു.

Top