സ്വപ്നയും സരിത്തും ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്ത് ; മന്ത്രി ജലീലിനെയും വിളിച്ചു

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണകള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്ത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെയുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളില്‍ നിന്നും വ്യക്തം. അഞ്ച് തവണ ശിവശങ്കര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഫോണ്‍കോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുന്‍പും ഇരുവരും തമ്മില്‍ സംസാരിച്ചുവെന്ന രേഖകള്‍ ഇതിലുണ്ട്.

സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.

ജൂണ്‍ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം എത്തി. ശിവശങ്കര്‍ വീട്ടിലുണ്ടായിരുന്നോ എന്ന് വിവരമില്ല. 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.

Top