സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്ക് എത്തിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഇന്ന് കേരളത്തിലേക്കു കൊണ്ടുവരും. വൈകിട്ടോടെ ഇരുവരെയും കൊച്ചിയില്‍ എത്തിച്ചു കോടതിയില്‍ ഹാജരാക്കും. ഇരുവരെയും കോവിഡ് പരിശോധനയ്ക്കും വിധേയരാക്കിയേക്കും. റോഡ് മാര്‍ഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍ഐഎ സംഘം ബംഗളുരുവില്‍നിന്നു പുറപ്പെട്ടു. കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയെന്നാണു സൂചന.

ശനിയാഴ്ച മൈസൂരുവില്‍നിന്ന് സന്ദീപിനെയും സ്വപ്നയെ ബെംഗളൂരുവില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണു സ്വപ്നയും സന്ദീപും പിടിയിലായതെന്നാണു സൂചന. ബംഗളുരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്നയുടെ മകളുടെ ഫോണ്‍ പിന്തുടര്‍ന്ന് എന്‍ഐഎ ഇവരെ പിടികൂടുകയായിരുന്നു.

Top