സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളെ റിമാന്റ് ചെയ്തു ; കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ അങ്കമാലിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. ബെംഗലൂരുവില്‍ നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ച പ്രതികളെ വൈകിട്ടാണ് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക.

എന്‍ഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. നാളെ പ്രതികളുടെ കോവിഡ് പരിശോധനാഫലം ലഭിക്കും.

ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും ഓഫീസിലേക്ക് എത്തിച്ചത്.

ഞായറാഴ്ച രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പാലക്കാട് കഴിഞ്ഞപ്പോഴാണ് സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പിന്നീട് മറ്റൊരു വാഹനത്തിലേക്കു സ്വപ്നയെ മാറ്റിയാണ് യാത്ര തുടര്‍ന്നത്. ബംഗളുരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്തത്.

സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാല്‍ അല്‍പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്. മുഖംമറച്ചാണ് സ്വപ്ന വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥര്‍ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചാമത്തെ ആളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരിക്കുന്നത്.

Top