സ്വപ്ന സുരേഷ് ജയിൽ മോചിതയായി; അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടക്കം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി മകളെ സ്വീകരിച്ചു. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും ജയില്‍ സൂപ്രണ്ടിന് കൈമാറി.

ജയിലിനു പുറത്തിറങ്ങിയ സ്വപ്ന, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നെപ്പറയാമെന്ന് മറുപടി നല്‍കി. ശേഷം അമ്മയ്‌ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക് തിരിച്ചു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു.

അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നുമാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയില്‍മോചിതയായത്. ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെയാണ് എന്‍ഐഎ കേസില്‍ ജാമ്യം നല്‍കിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്. 2020 ജൂലൈ 11നാണ് അറസ്റ്റിലായത്.

 

Top