സ്വപ്നയ്‌ക്കെതിരെ കേസെടുക്കാത്തത് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന്. . .

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സ്വപ്ന സുരേഷിനെയും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നു വ്യക്തമായ സ്വപ്നയ്‌ക്കെതിരെ പോലീസ് കേസെടുക്കാത്തത് അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത് ചരിത്രത്തിലെ കറുത്ത അധ്യായമായി മാറുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കു കത്തു നല്‍കിയിട്ടുണ്ട്. ഇതിന് അനുസരിച്ചു നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗം സ്വീകരിക്കും. തനിക്കു ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സ്വപ്ന പറഞ്ഞിരിക്കുന്നത്. അതിനു സാഹചര്യമൊരുക്കിയത് കേരള പൊലീസ് ആണെന്ന് ചെന്നിത്തല വ്യക്തമാക്കി.

എന്‍ഐഎയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. റോയും കേസ് അന്വേഷിക്കണം. എന്‍ഐഎക്കു ഷെഡ്യൂള്‍ ചെയ്ത കേസുകള്‍ മാത്രമേ അവര്‍ അന്വേഷിക്കൂ. അന്വേഷണത്തില്‍ പ്രതിപക്ഷത്തിനു ചങ്കിടിപ്പില്ല. അതു മുഖ്യമന്ത്രിയുടെ കൂടെയുള്ളവര്‍ക്കാണ്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണം. തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയായി സംസ്ഥാന പോലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി ഈ നാട്ടില്‍ കറങ്ങി നടക്കുകയാണ്. എന്നിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കണമെന്നാണ്. സി.ആര്‍.പി.സിയും ഐ.പി.സിയുമാണ് പോലീസിനെ നയിക്കുന്നത്. ഇവ രണ്ടും പോലീസിന്റെ വിശുദ്ധഗ്രന്ഥങ്ങളാണ്. ഇവയുടെ അടിസ്ഥാനത്തിലും കോടതി വിധികളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top