സ്വര്‍ണക്കടത്ത്: പ്രതി സരിത്തും സ്വപ്‌നയും തമ്മില്‍ അടുത്ത ബന്ധം, തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സരിത്തിന് മുമ്പുനടന്ന സ്വര്‍ണക്കടത്ത് കേസുകളിലും ബന്ധമുള്ളതായി കസ്റ്റംസ്.

തിരുവല്ലം സ്വദേശിയായ ഇയാളുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്ന്, ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. എയര്‍കാര്‍ഗോ വിഭാഗത്തില്‍ സരിത്ത് സ്ഥിരമായി എത്തിയിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റിന് വരുന്ന പാഴ്‌സലുകളെല്ലാം ശേഖരിക്കാന്‍ എത്തിയിരുന്ന ഇയാള്‍ ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. മാന്യമായ പെരുമാറ്റമായതിനാല്‍ ഇയാളെ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നില്ല. പാഴ്‌സല്‍ തടഞ്ഞപ്പോള്‍ മാത്രമാണ് കയര്‍ത്തു സംസാരിച്ചത്. ചോദ്യംചെയ്യലിനോട് സരിത്ത് സഹകരിക്കുന്നില്ല. ഉച്ചമുതല്‍ നീണ്ട ചോദ്യംചെയ്യലില്‍ വ്യക്തമായ ഉത്തരങ്ങളൊന്നും ഇയാള്‍ ഇതുവരെ നല്‍കിയിട്ടില്ല.

ജോയന്റ് കസ്റ്റംസ് കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുടര്‍ച്ചയായി ചോദ്യംചെയ്തത്. സാമ്പത്തിക കുറ്റാന്വേഷണ കോടതി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സരിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സരിത്തിന്റെ ഫോണിലുള്ള വിവരങ്ങള്‍വെച്ച് ചോദ്യം ചെയ്‌തെങ്കിലും ഇതിനൊന്നും ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

സരിത്തും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകള്‍ കസ്റ്റംസ് കണ്ടെത്തിയത് സരിത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ്. ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന സെല്‍ഫികള്‍ ഫോണില്‍നിന്ന് കണ്ടെത്തി. ഫോണില്‍നിന്ന് പരമാവധി സൈബര്‍ തെളിവുകള്‍ കണ്ടെത്താനാണ് ശ്രമം. സരിത്തും സ്വപ്നയും തമ്മില്‍ ഫോണില്‍ നടത്തിയ സന്ദേശങ്ങളും പരിശോധിക്കും.

Top