സ്വപ്ന കേരളം വിട്ടത് രഹസ്യ നീക്കം ചോരാതിരിക്കാൻ, ബംഗളുരുവിലും അരിച്ചു പെറുക്കി കേരള പൊലീസ് . . .

സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിൽ, ചില മാധ്യമ പ്രവർത്തകരും ഉണ്ടെന്ന സംശയം ബലപ്പെടുന്നു. ഇക്കാര്യം വ്യക്തമാകാൻ സ്വപ്ന സുരേഷിന്റെയും സംശയിക്കപ്പെടുന്നവരുടെയും കാൾ വിശദാംശങ്ങളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. സംസ്ഥാന ഇന്റലിജൻസും ഇപ്പോൾ ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേരളത്തിൽ സ്വപ്ന സുരേഷിന് പൊലീസ് സുരക്ഷയുണ്ടെന്നിരിക്കെ അവർ ബി.ജെ.പി ഭരിക്കുന്ന ബംഗ് ളുരുവിൽ പോയി എന്തിനാണ് നിരന്തരം കേരള മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ ആരോപണം ഉന്നയിക്കുന്നതെന്ന ചോദ്യമാണ് ഇടതുപക്ഷ കേന്ദ്രങ്ങളും ഉയർത്തുന്നത്. കേരളത്തിൽ ഇരുന്ന് കള്ളക്കഥ മെനയാൻ കഴിയില്ല എന്നതിനാലാണ് സ്വപ്ന ബംഗ് ളുരുവിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് സി.പി.എം നേതാക്കൾ തുറന്നടിക്കുന്നത്. കേരളത്തിലായിരുന്നു സ്വപ്നയെങ്കിൽ, അവരെ ആരൊക്കെ കാണാൻ വന്നു, സ്വപ്ന ആരെയൊക്കെ കാണാൻ പോയി എന്നതടക്കം  സകല വിവരങ്ങളും കേരള പൊലീസിനു അപ്പപ്പോൾ ലഭിക്കുമായിരുന്നു. ഈ ഒരവസ്ഥ ഒഴിവാക്കാൻ തന്നെയാണ് തന്റെ ‘ഓപ്പറേഷൻ ‘ സ്വപ്ന ഇപ്പോൾ  ബംഗ് ളുരിവിലേക്ക് മാറ്റിയിരിക്കുന്നത്. രണ്ടും കൽപ്പിച്ചാണ് അവരുടെ നീക്കമെന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്.

സ്വപ്‌ന സുരേഷിനെ ബംഗ് ളുരുവിൽ വച്ചു കണ്ട വിജേഷ് പിള്ള  ഒരു ബി.ജെ.പി അനുഭാവിയാണെന്ന കാര്യവും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വിജേഷ് തന്നെയാണ് താൻ ബി.ജെ.പി അനുഭാവിയാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ഒരാൾ സ്വപ്ന സുരേഷിനെ കണ്ടതും ഇതിനു ശേഷം സ്വപ്ന സുരേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചതും  മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതു സംബന്ധമായി കൂടുതൽ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞാൽ  ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ചുമത്തി  സ്വപ്ന സുരേഷിനും സംഘത്തിനും എതിരെ കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്നക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, താൻ സ്വപ്ന സുരേഷിനെ കണ്ടത്‌ സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ വെബ്‌ സീരീസ്‌ നിർമിക്കാനാണെന്നാണ് വിജേഷ്‌ പിള്ള പറയുന്നത്. 30 കോടി തരാമെന്നല് വെബ് സീരിസിന്റെ 30 ശതമാനം ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞതെന്നാണ് , അദ്ദേഹത്തിന്റെ വാദം. ഷൂട്ട് ചെയ്യാൻ സേഫ്‌ ആയ സ്ഥലം വേണമെന്ന്‌ പറഞ്ഞപ്പോൾ ഹരിയാനയിലോ ജയ്‌പൂരിലോ പോയി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞതായും വിജേഷ്‌ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുമായി “കൂടിക്കാഴ്‌ച നടത്തിയെന്നത്‌ സത്യമാണെന്നും ബംഗളൂരുവിലെ ഒരു ഹോട്ടലിൽ വച്ചാണ്‌ കണ്ടതെന്നുമാണ് അദ്ദേഹം പറയുന്നത്. ആ സമയം, സരിത്തും കുട്ടികളുമെല്ലാം ഒപ്പമുണ്ടായിരുന്നതായും വിജേഷ് വെളിപ്പെടുത്തിയിട്ടുണ്ട. ഒന്നര മണിക്കൂർ നേരം നടന്ന ആ കൂടിക്കാഴച എങ്ങനെയാണ് പിന്നീട് സ്വപ്‌നക്കെതിരായ ഭീഷണിയായി മാറിയതെന്നത് വിശദമായി തന്നെ അന്വേഷിക്കേണ്ട കാര്യമാണ്. സി.പി.എം ഏൽപ്പിക്കാത്ത ക്വട്ടേഷൻ സ്വയം വിജേഷ് ഏറ്റെടുത്തതാണെങ്കിൽ, അതിനു പിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടാകും. അവിടെയാണ് വിജേഷിന്റെ രാഷ്ട്രീയ താൽപ്പര്യവും പ്രസക്തമാകുക. വിജേഷിന്റെ മൊബൈൽ വിശദാംശം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നതും അതു കൊണ്ടാണ്. ഇനി  സ്വപ്ന പറയുന്നതാണ് കള്ളമെങ്കിൽ അവർ എന്തിനു വേണ്ടി ഇപ്പോൾ ഇത്തരം നാടകം കളിച്ചു എന്നതിനും വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും. സി.പി.എം നേതാക്കളുമാണ് നിലവിൽ സ്വപ്നയുടെ ഏറ്റവും വലിയ ശാതുക്കൾ. ഈ വിഭാഗത്തിനെതിരെ ഏതറ്റംവരെ പോകാനും സ്വപ്ന തയ്യാറാണ്. സ്വപ്നയുടെ ഈ പക തിരിച്ചറിഞ്ഞ് സകല സി.പി.എം വിരുദ്ധരും ഇപ്പോൾ അവൾക്കൊപ്പമാണ് അണി നിരന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ ചുവപ്പ് കണ്ടാൽ വിളറി പിടിക്കുന്ന ചില മാധ്യമ പ്രവർത്തകരും ഉണ്ട്. അവരാണ്  സ്വപ്നയുടെ പുതിയ ആരോപണവും വലിയ രൂപത്തിൽ ആഘോഷിക്കാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ, ആ ആഘോഷത്തിനും അല്പായുസ്സ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും വന്നെന്ന് സ്വപ്ന പറയുന്ന വിജയ് പിള്ള പിന്നീട് വിജേഷ് പിള്ളയായി മാറിയതും കേരളം കണ്ടതാണ്.

ബി.ജെ.പി സർക്കാറിനു കീഴിലുള്ള ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിജയ് പിളളവഴി 30 കോടി ഓഫർ ചെയ്തെന്ന സ്വപ്നയുടെ ആരോപണം റിപ്പോർട്ട് ചെയ്ത , സകല മാധ്യമങ്ങളും നിലവിൽ വെട്ടിലായിരിക്കുകയാണ്. ഗോവിന്ദൻ മാഷ് മാനനഷ്ട കേസ് നൽകിയാൽ , സ്വപ്നമാത്രമല്ല, ഇക്കാര്യം റിപ്പോർട്ട് ചെയ്തവരും  ചാനലുകളിൽ ചർച്ച നടത്തിയവരും എല്ലാം വെട്ടിലാകും. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നതിന് സി.പി.എം. പിടിമുറുക്കിയാൽ മാധ്യമ സ്ഥാപനങ്ങൾക്കും വിശദീകരിക്കേണ്ടി വരും. ആരും എന്തും വിളിച്ചു പറഞ്ഞാൽ, അതു പോലെ വാർത്തയാക്കുന്നവർ ഇതിനു പിന്നാലെ വരുന്ന നിയമ നടപടികളെ കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അത്തരം ഘട്ടത്തിൽ സ്വപ്ന പറഞ്ഞതാണ് റിപ്പോർട്ട് ചെയ്തതെന്ന് പറഞ്ഞ് മാത്രം തലയൂരാൻ കഴിഞ്ഞെന്നു വരികയില്ല.

30 കോടി കിട്ടിയശേഷം ഹരിയനയിലോ ജയപൂരിലോ പോയി താമസിക്കണമെന്നും സുരക്ഷിതഇടം ഒരുക്കാമെന്നും വിജയ് പിളള പറഞ്ഞതായ സ്വപ്നയുടെ വെളിപ്പെടുത്തലാണ് ഇതിലെ ഏറ്റവും വലിയ തമാശ. ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ ഈ സ്ഥലങ്ങളിൽ സ്വപ്നയ്ക്ക് സുരക്ഷിത വാസം ഒരുക്കാൻ കഴിയുന്നത്, സംഘപരിവാർ സംഘടനകൾക്ക് മാത്രമാണെന്നത്  ഇത്രയും നാളത്തെ സഹവാസം കൊണ്ടും സ്വപ്നയ്ക്ക് മനസ്സിലായില്ലന്നു പറഞ്ഞാൽ, അതെന്തായാലും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല് രാജ്യത്തെ തന്നെ പ്രമുഖ വ്യവസായിയായ യൂസഫലിയെയും സ്വപ്ന വെറുതെ വിട്ടിട്ടില്ല. സ്വപ്നയുടെ ബാഗിൽ യൂസഫലി വഴി ഡ്രഗ്സ് വയ്ക്കുമെന്നതാണ് അവരുടെ മറ്റൊരു കണ്ടെത്തൽ. ചാനലുകൾ സെലിബ്രിറ്റി പരിഗണന നൽകുന്നതിനാൽ  സ്വപ്ന പറയുന്നതെല്ലാം ഇന്നു വലിയ വാർത്തകളാണ്  സ്വപ്ന കള്ളം പറയുകയാണെന്ന് മനസ്സിലായാലും, തിരുത്താൻ ഒരു കുത്തക മാധ്യമങ്ങളും തയ്യാറാകുന്നില്ല. വല്ലാത്തൊരു അവസ്ഥ തന്നെയാണിത്. അതെന്തായാലും  പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top