ഏത് ഐ.ജിയാണ് സ്വപ്നക്കൊപ്പം നീരാടിയതെന്നതും അന്വേഷിക്കണം

വിവാദ സ്വര്‍ണ്ണകള്ളക്കടത്ത് നായികയായ, സ്വപ്ന സുരേഷിനെതിരായ അന്വേഷണം അട്ടിമറിച്ചത് ആരാണ് ? ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് ആഭ്യന്തര വകുപ്പാണ്.ക്രൈംബ്രാഞ്ചിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍, കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍, ആ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി തന്നെ അനിവാര്യമാണ്.

എയര്‍ ഇന്ത്യ സാറ്റ്സ് കേസില്‍, സ്വപ്നയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടും, അവരെ സംരക്ഷിക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചിരിക്കുന്നത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തോടുള്ള സത്യസന്ധതപോലും, ക്രൈബ്രാഞ്ചിന്റെ തുടരന്വേഷണത്തില്‍ ഉണ്ടായിട്ടില്ല. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനെ, വ്യാജ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചതിലാണ് സ്വപ്ന സുരേഷിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന സത്യവാങ്മൂലം, ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നത്. ആരോപണം അന്വേഷിക്കാനെത്തിയ എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പില്‍, രണ്ട് വനിതകളെ ഹാജരാക്കിയതില്‍, സ്വപ്ന ആള്‍മാറാട്ടം നടത്തിയെന്നാണ്, ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ്, സ്വപ്നയും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി വ്യാജ മൊഴി കൊടുപ്പിച്ചതെന്നും, ക്രൈംബ്രാഞ്ച് വിശദീകരിച്ചിട്ടുണ്ട്. പരാതിയില്‍ പേരുള്ള 17 പേരില്‍ 16 പേര്‍ക്കും ഇതേപ്പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇത്രയും തെളിവുകളുണ്ടായിട്ടാണ് സ്വപ്നയെ ക്രൈംബ്രാഞ്ച് പിടികൂടാതിരുന്നത്.

ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍, മുഖ്യമന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കണം. ക്രൈംബ്രാഞ്ചിന് മേല്‍ വീണ ഈ പാപക്കറ കഴുകി കളയാന്‍, ക്രൈംബ്രാഞ്ച് മേധാവിയും മുന്‍കൈ എടുക്കണം. കാരണം, സ്വപ്നക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് തന്നെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ്. ക്രൈംബ്രാഞ്ചില്‍ സ്വപ്നയെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ പുറത്ത് കൊണ്ടുവരാനുള്ള ബാധ്യത, തച്ചങ്കരിക്കുമുണ്ട്. ഇതിന് ഡിപ്പാര്‍ട്ട്‌മെന്റ് തല എന്‍ക്വയറി അനിവാര്യമാണ്.

ഏത് ഉന്നത ഉദ്യോഗസ്ഥനാണ് ഇടപെട്ടതെങ്കിലും, പൊതു സമൂഹത്തിന് മുന്നില്‍ ഈ ഉദ്യോഗസ്ഥന്റെ ചെയ്തികള്‍, തുറന്നു കാട്ടപ്പെടുകതന്നെ വേണം. ഒരു ഐ.ജി സ്വപ്നയുമൊത്ത് മദ്യപിച്ച് സ്വമ്മിംഗ് പൂളില്‍ നീരാടിയെന്ന വാര്‍ത്ത, കേസ് അട്ടിമറി നീക്കവുമായി ചേര്‍ത്ത് വായിക്കേണ്ട കാര്യം തന്നെയാണ്.

സംസ്ഥാനത്തെ, ക്രഡിബിലിറ്റിയുള്ള മാധ്യമമായ കേരളകൗമുദി കുടുംബത്തില്‍ നിന്നും പുറത്ത് വിട്ട ഈ വാര്‍ത്ത, അതീവ ഗൗരവകരം തന്നെയാണ്. കേരള പൊലീസിലെ പ്രമുഖനായ ഐ.ജിയുമായി, സ്വപ്നക്ക് അടുത്ത ബന്ധമാണെന്നാണ് വാര്‍ത്തയില്‍ ആരോപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സ്വപ്‌നയെ, അധികം ഓഫീസില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞതില്‍ ഈ ഐ.ജിയാണ്. ഇയാളുടെ പേര് വെളിപ്പെടുത്താന്‍, വാര്‍ത്ത നല്‍കിയ മാധ്യമത്തിന് ബാധ്യതയുണ്ട്. സത്യസന്ധരായ മറ്റു ഐ.ജിമാരെ കൂടി, സംശയത്തിന്റെ മുള്‍മുനയില്‍ ഒരിക്കലും നിര്‍ത്തരുത്.

മെഴിയെടുപ്പിനായി ആഢംബര കാറില്‍ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയ സ്വപ്ന, തനിക്ക് തിരക്കുണ്ടെന്നും അത്യാവശ്യമീറ്റിങ്ങുകള്‍ ഉണ്ടെന്നും, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവത്രെ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് വൈകിയതിന്, സ്വപ്ന ദേഷ്യം തീര്‍ത്തതില്‍, അന്വേഷണ ഉദ്യോഗസ്ഥരോടാണ്. ഐ.ജിയോട് പരാതി പറയാന്‍ ഫോണില്‍ ലഭിക്കാത്തതിനാല്‍, മെസേജിലൂടെയാണ് കാര്യം അറിയിച്ചതെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് കണ്ട ഉടന്‍, വേറെ എവിടെയോ ആയിരുന്ന ഐ.ജി, തിരക്കിട്ട് ഓഫീസിലെത്തി സ്വപ്നയെ നേരിട്ട് കാണുകയായിരുന്നു. തുടര്‍ന്ന്, അന്വേഷണ ഉദ്യോഗസ്ഥനോട് പോലും ഒന്നും പറയാതെ, സ്വപ്നയെ അവിടെ നിന്നും പറഞ്ഞു വിട്ടെന്നും, ഇതും ആതീവ ഗൗരവമുള്ള കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ ലേഖകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വി.വി.ഐ.പികള്‍ക്ക് മാത്രമായി സ്വപ്‌ന മുന്‍പ് സംഘടിപ്പിച്ച, സഹോദരന്റെ വിവാഹ സല്‍ക്കാരവും ഇപ്പോള്‍ വിവാദമായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നാലാം ദിവസമായിരുന്നു ഈ സത്കാരം. അതിലും ഈ ഐ.ജി പങ്കെടുത്തതായാണ് പുറത്ത് വരുന്ന വിവരം. മദ്യപിച്ച് ലക്കുകെട്ട് ഈ ഐ.ജി സ്വിമ്മിംഗ് പൂളില്‍ നീരാടിയെന്നും, ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍, മൊബൈലില്‍ പകര്‍ത്തിയെന്നുമുള്ള മാധ്യമ വാര്‍ത്തയില്‍ ഏറെ ഗുരുതരമാണ്. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍, ‘നീരാട്ടുകാരനായ’ ഉദ്യോഗസ്ഥനെ ഉടനെ തന്നെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യേണ്ടതുണ്ട്. ഒരു ഐ.പി.എസുകാരന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന, വ്യക്തമായ ചട്ടം തന്നെ നിലവിലുണ്ട്. അതിന് വിരുദ്ധമായി ഏത് കൊമ്പത്തെ ഏമാന്‍ പ്രവര്‍ത്തിച്ചാലും, സര്‍വ്വീസില്‍ തുടരാന്‍ അര്‍ഹതയില്ല.

പുറത്ത് വന്ന വാര്‍ത്ത ശരിയാണോ എന്ന കാര്യം, അന്വേഷിച്ചാല്‍ എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ പറ്റുന്നതാണ്. അതിന് സ്വപ്നയുടെ, മൊബൈല്‍ ഫോണ്‍ വിശദാംശം മാത്രം പരിശോധിച്ചാല്‍ മതിയാകും. അവരുടെ സഹോദരന്റെ സല്‍ക്കാര ചടങ്ങിന്റെ വീഡിയോ പരിശോധിച്ചാല്‍ നീരാട്ടിന് പിന്നിലെ യാഥാര്‍ത്ഥ്യവും വെളിവാകും. കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്തിന് പിന്നില്‍, കാക്കിയുടെ ‘കരുതലുണ്ടെങ്കില്‍’ അതും, ഈ നാടിനിപ്പോള്‍ ബോധ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തുന്നതിന് മുന്‍പ്, ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ട് പിടിക്കേണ്ടത് കേരള പൊലീസിന്റെ കടമയാണ്. അതിനായാണ് മുഖ്യമന്ത്രി ഉടന്‍ നിര്‍ദ്ദേശം നല്‍കേണ്ടിയിരിക്കുന്നത്.

Express view

Top