സ്വപ്നയുമായി സൗഹൃദം മാത്രം ; തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ലെന്നും എം. ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം മൊഴിനല്‍കിയത്.

സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചു. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതും മറ്റ് ബിസിനസ് ഉള്ളതായും അറിയില്ലെന്നും തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ലെന്നും സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. പ്രാഥമിക മൊഴിരേഖപ്പെടുത്തലാണ് ചൊവ്വാഴ്ച നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

അതേസമയം കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്ളാറ്റ് സമുച്ചയത്തില്‍ ഫ്ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍. ശിവശങ്കറിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെന്നു പറഞ്ഞ് അരുണ്‍ ആണ് ഫ്ളാറ്റ് ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിട്ടുണ്ട്.

അരുണ്‍ ബുക്ക് ചെയ്ത ഫ്ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. മേയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നും ഹെദര്‍ ഹൈറ്റ്സില്‍ പല മുറികളില്‍ പ്രതിദിന വാടകയ്ക്ക് ജയശങ്കര്‍ പലപ്പോഴായി താമസിച്ചുവെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ജയശങ്കര്‍ ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

Top