സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണ് ; തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സ്വപ്ന

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും സ്വപ്ന സുരേഷ്. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കംസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സംസാരിച്ചത്. യു.എ.ഇ. നയതന്ത്ര പ്രതിനിധിയായ റാഷിദ് ഖാമിസ് ആവശ്യപ്പെട്ടതനുസരിച്ച് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചത്. തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്‌സില്‍ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണറെ വിളിച്ചതെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്‌ന വ്യക്തമാക്കുന്നു.

സ്വര്‍ണം പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ ബാഗേജ് തിരിച്ചയക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ബാഗേജ് തിരിച്ചയക്കാന്‍ ഒരു അപേക്ഷ തയ്യാറാക്കന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് മൂന്നിന് അപേക്ഷ തയ്യാറാക്കി ഖാമിസിന് ഇ മെയില്‍ ചെയ്തിരുന്നുവെന്നും സ്വപ്നയുടെ വാദങ്ങളില്‍ പറയുന്നു.

മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ വിചാരണ ചെയ്യുകയാണെന്നും കേസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജാമ്യഹര്‍ജിയില്‍ സ്വപ്ന വ്യക്തമാക്കുന്നു.

Top