സ്വപ്‌ന സുരേഷിന് ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ചു; അരുണ്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടു. ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരനായ അരുണ്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് വിളിച്ചത് പുറത്ത് വന്നതോടെയാണ് നടപടി. ഇതു സംബന്ധിച്ച് അരുണും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്‌ലാറ്റ് ബുക്കു ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോടു പറഞ്ഞു. മേയ് അവസാനമാണ് ശിവശങ്കര്‍ ഫ്‌ലാറ്റിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്‌ലാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്.

വാട്‌സാപ്പിലൂടെയാണു വിവരങ്ങള്‍ കൈമാറിയത്. എത്ര ദിവസത്തേക്കാണെന്നു ചോദിച്ചപ്പോള്‍ മൂന്നു ദിവസമെങ്കിലും വേണമെന്നായിരുന്നു മറുപടി. അവരുടെ ഫ്‌ലാറ്റ് ശരിയായാല്‍ ഉടനെ മാറുമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഫ്‌ലാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ച് റേറ്റു ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചു. വാട്‌സാപ് ചാറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

Top