മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി സ്വപ്ന സുരേഷ്; ഹരജി സമര്‍പ്പിച്ചത് ഇ ഫയലിങ് വഴി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന് വിവരം. ഇ ഫയലിങ് മുഖാന്തരമാണ് ഹരജി സമര്‍പ്പിച്ചത്. താന്‍ നിരപരാധിയാണെന്ന് കാണിച്ചാണ് ഹരജി നല്‍കിയത്. തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി വൈകി സമര്‍പ്പിച്ചതിനാല്‍ ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ ഹരജി ഉള്‍പ്പെട്ടിട്ടില്ല.

വെള്ളിയാഴ്ചയാകും ഹരജി കോടതിയുടെ പരിഗണനയിലെത്തുക. അതേസമയം കേസില്‍ സ്വപ്നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ച് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

സരിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിരവധി തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ പിടിയിലായ സരിത്താണ് സ്വര്‍ണക്കടത്തിലെ പ്രധാനിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഒപ്പം സ്വപ്നയ്ക്കും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് വിവരം.

Top