മാപ്പുപറയണമെങ്കിൽ ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ: സ്വപ്ന സുരേഷ്

ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അയച്ച വക്കിൽ നോട്ടീസിൽ പ്രതികരണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ‘എനിക്ക് ഗോവിന്ദനെ അറിയില്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയതെന്നും അറിയില്ല. നോട്ടീസ് കിട്ടുമ്പോൾ എന്റെ അഭിഭാഷകൻ മറുപടി നൽകും. ഒരു കോടി രൂപ അല്ലെങ്കിൽ മാപ്പുപറയണമെന്നാണ് പറഞ്ഞത്. ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ മാപ്പുപറയണമെങ്കിൽ’- സ്വപ്‌ന സുരേഷ് പറഞ്ഞു.

തന്റെ മനസാക്ഷിക്ക് മുന്നിൽ താൻ തെറ്റ് ചെയ്തിട്ടില്ല. ഷാജ് കിരൺ വന്നപ്പോൾ ഗൂഢാലോചനയെന്ന് പറഞ്ഞ് പിസി ജോർജിനൊപ്പം കേസ് എടുത്തു. ഇപ്പോൾ വിജേഷ് പിള്ള വന്നതിന് പിന്നാലെ കണ്ണൂരിൽ കേസ് എടുത്തു. ഇതിന്റെ പേരിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസ് എടുത്താലും കേസിന്റെ അവസാനം കാണാതെ താൻ അടങ്ങില്ല. തന്റെ മരണം വരെ പോരാട്ടം തുടരുമെന്ന് സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ, അമ്മാവനോ അല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസിൽ അകത്താക്കുമെന്നാണ്. ഇപ്പോൾ സംഭവിച്ചതും അതാണെന്ന് സ്വപ്‌ന പറഞ്ഞു.

Top