മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധമില്ലെന്ന് സ്വപ്ന

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് സ്വപ്ന മൊഴിയില്‍ വിശദീകരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്.

ഷാര്‍ജാ ഭരണാധികാരി കേരള സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നെന്നും എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും മകനും രണ്ടു തവണയിലധികം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരം. പിന്നീട് ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചതായി അറിയില്ലെന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു.

Top