സ്വപ്‌നസുരേഷ് ആശുപത്രിയില്‍ കഴിയവെ ഫോണില്‍ ഉന്നതനുമായി ബന്ധപ്പെട്ടു

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഭരണതലത്തിലെ ഉന്നതനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉന്നതനും സ്വപ്‌നയും നേരിട്ട് ഫോണില്‍ സംസാരിച്ചിട്ടില്ല. ഉന്നതന്റെ മൊബൈലില്‍നിന്നയച്ച സന്ദേശം മറ്റൊരു മൊബൈല്‍ ഫോണ്‍ വഴി സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചത്.

എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ചോദിച്ചത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്. ഇനി ചോദ്യംചെയ്യുകയാണെങ്കില്‍ മറുപടി പറയേണ്ട കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇത് ദൈര്‍ഘ്യമേറിയതാണ്. എന്നാല്‍ ഇതിന് സ്വപ്ന മറുപടി നല്‍കിയില്ല.

സ്വപ്നയുടെ അടുത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകള്‍ എന്‍.െഎ.എ. നിരീക്ഷണത്തിലായിരുന്നു. മുമ്പ് ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ഫോണില്‍നിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. ഇക്കാര്യം എന്‍.െഎ.എ.യുടെ ശ്രദ്ധയില്‍പെട്ടിരുന്നു.തുടര്‍ന്നാണ് ആശുപത്രിയില്‍ ഈപ്രാവശ്യം ഡ്യൂട്ടിയിലുള്ളവരുടെ ഫോണ്‍ എന്‍.െഎ.എ. നിരീക്ഷിച്ചത്.

Top