സ്വപ്നയെ മാത്രമല്ല, സ്വപ്നത്തിലെങ്കിലും ശരണ്യയെയും മറന്നു പോകരുത്

മുഖ്യമന്ത്രി കസേര സ്വപ്നമായി മാറിയതോടെ, സ്വപ്നയില്‍ പിടിച്ച് കയറി ഇമേജ് നഷ്ടം നികത്താനാണിപ്പോള്‍ രമേശ് ചെന്നിത്തല ശ്രമിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തി ഏത് സ്വപ്‌ന സുരേഷ് നടത്തിയാലും, അതിന് ഏത് ഉന്നതന്‍ കൂട്ട് നിന്നാലും, നടപടി അനിവാര്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫെന്നോ, പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫെന്നോ ഉളള വിവേചനങ്ങള്‍ പാടില്ല.

ഇവിടെ വിവാദ നായിക സ്വപ്നയുമായി ബന്ധമുള്ള പ്രൈവറ്റ് സെക്രട്ടറിയെ, മുഖ്യമന്ത്രി തന്നെ, തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തു കഴിഞ്ഞു. മറ്റ് നടപടികള്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചേ സര്‍ക്കാറിന് സ്വീകരിക്കാന്‍ കഴിയൂ.

അന്വേഷണം നടത്തുന്നത് കേന്ദ്ര ഏജന്‍സിയായതിനാല്‍ പ്രതിപക്ഷം എന്തായാലും അക്കാര്യത്തില്‍ അട്ടിമറി ആരോപിക്കാനിടയില്ല. കുറ്റകൃത്യത്തില്‍ ഇടപെട്ട മുഴുവന്‍ പേരെയും നിയമനടപടിക്ക് വിധേയമാക്കേണ്ടത് ഇനി കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിന് സംസ്ഥാനസര്‍ക്കാരിനെ പഴി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഞെട്ടിക്കുന്ന സംഭവമാണിത്. കേന്ദ്ര ഏജന്‍സികളുടെ കഴിവുകേടാണ് ഇതോടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

കേരളം ആര് ഭരിക്കുന്നു എന്ന് നോക്കി സ്വര്‍ണ്ണക്കള്ളക്കടത്തു നടത്താന്‍, കസ്റ്റംസും സി.ഐ.എസ്.എഫും ഒന്നും സംസ്ഥാന സര്‍ക്കാറിന് കീഴിലല്ല പ്രവര്‍ത്തിക്കുന്നത്.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കുന്നത് നല്ലതാണ്.

സ്വപ്ന സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ടെങ്കില്‍, അത് കേന്ദ്ര ഏജന്‍സികളുടെ കഴിവുകേടാണ്. റോ, ഐ.ബി, കസ്റ്റംസ് വിഭാഗങ്ങളുടെ ഗുരുതര വീഴ്ചകൂടിയാണിത്. ഇപ്പോള്‍ ഇവര്‍ക്ക് പിടികൂടാന്‍ അവസരം ലഭിച്ചത് പോലും രഹസ്യവിവരം നല്‍കാന്‍ ആളുണ്ടായത് കൊണ്ട് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് വിവരം നല്‍കിയ ഈ അജ്ഞാതനാണ്.

ഇതു പോലെ ‘ഡിപ്ലോമാറ്റിക്കായി’ രാജ്യത്തെ എത്ര സംസ്ഥാനങ്ങളില്‍ കള്ളക്കടത്ത് നടക്കുന്നുണ്ട് എന്നതാണ് ഇനി പരിശോധിക്കേണ്ടത്. ഇക്കാര്യത്തില്‍ ഗൗരവപരമായ സമീപനം കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

ഒരു രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റ്‌സ് മറ്റൊരു രാജ്യത്തുള്ള അവരുടെ എംബസിയിലേക്ക് കൊണ്ടുവരുന്ന ഷിപ്‌മെന്റുകളാണ് ഡിപ്ലോമാറ്റിക് ബാഗ്.

ഡിപ്പോമാറ്റ് ആയി ക്ലാസ്സിഫൈ ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് മാത്രമാണുള്ളത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ, ഒരു ഡിപ്ലോമാറ്റിക് ബാഗ് പോലും തുറന്ന് നോക്കാന്‍ ആര്‍ക്കും തന്നെ കഴിയുകയില്ല.

ഇവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിലേക്ക് വിളി പോയി എന്ന ആരോപണത്തിന്റെ ‘കിളി’ പോയിരിക്കുന്നത്.

കസ്റ്റംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പിണറായി വിജയനല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലാണെന്നതും ഓര്‍ത്തുകൊളളണം.

ഈ കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ ആവശ്യപ്പെടേണ്ടത് കേന്ദ്ര സര്‍ക്കാറിനോടാണ്. സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ട് ഒരു കാര്യവുമില്ല. സംസ്ഥാന പൊലീസിന്റെ സഹായം ആവശ്യമാണെങ്കില്‍, കസ്റ്റംസും സിബിഐയുമാണ് അക്കാര്യം ആവശ്യപ്പെടേണ്ടത്. അവരത് ചെയ്താല്‍, എല്ലാ സഹായവും സംസ്ഥാന പൊലീസും വാഗ്ദാനം ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

സ്വപ്നയുടെ സ്വപ്നതുല്യമായ വളര്‍ച്ചക്ക് പിന്നിലെ എല്ലാ ഉറവിടങ്ങളും, പുറത്തുവരേണ്ടതുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന നില്‍ക്കുന്ന ഫോട്ടോ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍, പ്രതിപക്ഷ നേതാവിനൊപ്പം ഈ സ്ത്രീനില്‍ക്കുന്ന ഫോട്ടോക്കും അതേ പ്രാധാന്യം കൊടുക്കാത്തത് എന്തുകൊണ്ടാണ് ? സ്വര്‍ണക്കടത്തില്‍ പോലും, അവസരവാദ രാഷ്ട്രീയ മുതലെടുപ്പിനാണ് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നത്.

ഏതെങ്കിലും ചടങ്ങില്‍ സ്വപ്ന പങ്കെടുത്തതിലല്ല, സര്‍ക്കാര്‍ സംവിധാനം ഇവര്‍ക്കായി ദുരുപയോഗം ചെയ്യപ്പെട്ടോ എന്നതാണ്, ശരിക്കും പരിശോധിക്കപ്പെടേണ്ടത്.

ഐ.ടി വകുപ്പിന് കീഴിലെ ഇവരുടെ നിയമനം അറിയില്ലന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ വീഴ്ച കൂടി പരിഗണിച്ചാണ് പ്രൈവറ്റ് സെക്രട്ടറി കൂടിയായ ശിവശങ്കറിനെ മാറ്റിയിരിക്കുന്നത്.

തന്റെ വകുപ്പിന് കീഴിലെ എല്ലാ നിയമങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ല. എല്ലാ കാര്യത്തിലും വലിഞ്ഞ് കയറി ഇടപെടുന്ന സ്വഭാവവും പിണറായിക്കില്ല. ഇക്കാര്യം അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം ബോധ്യമുള്ള കാര്യവുമാണ്.

ഇത്തരം സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി, സ്വപ്നയുടെ താല്‍ക്കാലിക നിയമനം അറിഞ്ഞിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം.

ഇക്കാര്യത്തില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാന ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതും ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണ്. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതേ കുറിച്ച് മറുപടി പറയേണ്ടത്. സ്വപ്നക്കെതിരെ ക്രൈം ബ്രാഞ്ചില്‍ കേസുള്ള വിവരവും ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്ന ഈ വീഴ്ചകളാണ്, സ്വപ്ന റാണിയായി വിലസാന്‍ സ്വപ്നക്ക് സഹായകരമായിരിക്കുന്നത്.

ക്രൈംബ്രാഞ്ച് കേസില്‍ ഇപ്പോഴും സ്വപ്‌ന കുരുങ്ങി കിടക്കുന്നത് തന്നെ, സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒരിടപെടലും നടത്തിയിട്ടില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ്.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ട് കിട്ടാന്‍ ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണവും, ഇപ്പോള്‍ പൊളിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ ഈ ആക്ഷേപം, ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കസ്റ്റംസ് ഉന്നതര്‍ തന്നെയാണ് നിഷേധിച്ചിരിക്കുന്നത്.

സ്വര്‍ണക്കളളക്കടത്തില്‍, രമേശ് ചെന്നിത്തല സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍, ചെന്നിത്തല ആരോപണവിധേയനായ പൊലീസ് നിയമന തട്ടിപ്പും സിബിഐയ്ക്ക് തന്നെ സര്‍ക്കാര്‍ വിട്ടുകൊടുക്കണം. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍തന്നെ ഇക്കാര്യത്തിലും തീരുമാനമെടുക്കണം. ഇത്തരമൊരു അന്വേഷണത്തെ സ്വാഗതം ചെയ്യാന്‍ ചെന്നിത്തലയും തയ്യാറാവണം. സുതാര്യത എല്ലാക്കാര്യത്തിലും ഉണ്ടാവുന്നത് പ്രതിപക്ഷ നേതാവിനും നല്ലതാണ്. അടുപ്പക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ സഹായിച്ചതിനാല്‍ മാത്രമാണ്, വിവാദമായ ഈ തട്ടിപ്പ് കേസില്‍ നിന്നും ചെന്നിത്തല രക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുളളവര്‍ ചെയ്യുന്ന കാര്യങ്ങളിലെ ഉത്തരവാദിത്വം മുഖ്യമന്ത്രിയില്‍ അടിച്ചേല്‍പ്പിക്കുന്ന ചെന്നിത്തല, താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തന്റെ സ്റ്റാഫ് നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വവും, സ്വയം ഏറ്റെടുക്കാന്‍ തയ്യാറാവണമായിരുന്നു

ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ ഏറെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു, ശരണ്യ എന്ന യുവതി ഉള്‍പ്പെട്ട പൊലീസ് നിയമന തട്ടിപ്പ് കേസ്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം, പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ടോളം പേരെ പ്രതിയാക്കി ഹരിപ്പാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്ഥ പ്രതികളില്‍ പലരേയും ഒഴിവാക്കുകയായിരുന്നു.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ തന്നെയാണ്, അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നത്.

ഈ കേസില്‍ ചെന്നിത്തലയുടെ സ്റ്റാഫ് ഉള്‍പ്പെടെ ഉള്ളവരെ ഒഴിവാക്കിയതില്‍ ദുരൂഹത ഉണ്ടെന്നാണ്, ഡിവൈഎഫ്ഐയും ആരോപിക്കുന്നത്. അതുകൊണ്ടു തന്നെ പുനരന്വേഷണം വേണമെന്നതാണ് സംഘടനയുടെ നിലപാട്. കേസന്വേഷിച്ച ക്രെംബ്രാഞ്ച് ഡിവൈഎസ്പി, ചെന്നിത്തലയോട് വിധേയത്വം ഉണ്ടായിരുന്നയാളാണെന്ന ആക്ഷേപം ഡിവൈഎഫ്‌ഐയ്ക്കുമുണ്ട്. പുനരന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം അനസലി ഡിജിപിയ്ക്ക് പരാതിയും നല്‍കിയിരുന്നു. ഈ കേസും സിബിഐയും അന്വേഷിക്കട്ടെയെന്നാണിപ്പോള്‍ നാട്ടുകാരും ആവശ്യപ്പെടുന്നത്.

കുറ്റപത്രത്തിലെ വീഴ്ചകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍, പുനരന്വേഷണത്തിന് സാധ്യതയേറെയാണ്.

സംസ്ഥാന പൊലീസില്‍ ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അനവധി പരാതിക്കാരുണ്ട്. ഇവരില്‍ പലരും പുനരന്വേഷണം ആവശ്യപ്പെടാനുള്ള നീക്കത്തിലുമാണ്. പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയിലേറെ രൂപയാണ് ശരണ്യ തട്ടിപ്പു നടത്തിയിരുന്നത്. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിപക്ഷവും.

വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞാണ് ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിന്‍വാതില്‍ നിയമനം വാങ്ങിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്.

അറസ്റ്റിലായതിന് ശേഷം ഇവര്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആഭ്യന്തരമന്ത്രിയ്ക്കും സ്റ്റാഫിനുമെതിരെ ഗുരുതരമായ ആക്ഷേപമാണ് ഉന്നയിച്ചിരുന്നത്.

ഹരിപ്പാടുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തലയെ നേരില്‍ കണ്ടതെന്നാണ് ശരണ്യ നല്‍കിയ 14 പേജുള്ള രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കാര്‍ത്തികപള്ളി മണ്ഡലം പ്രസിഡന്റ് നൈസിലും മന്ത്രിയുടെ ഓഫീസ് സ്റ്റാഫ് വേണുവും കൂടെയുണ്ടായിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.

നൈസിലാണ് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. അരമണിക്കൂര്‍ പുറത്തിരുന്നതായും തുടര്‍ന്ന് നൈസില്‍ അകത്തേയ്ക്ക് വിളിപ്പിച്ചതായും മൊഴിയില്‍ ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്.

തട്ടിപ്പിന് സഹായകരമായ കേരള പൊലീസിന്റെയും പിഎസ്സിയുടെയും സീല്‍ തന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു. ‘നമുക്ക് വേണ്ടി ആളെ പിടിക്കുന്ന ആളാണ്’ എന്ന് പറഞ്ഞാണ് തന്നെ രമേശ് ചെന്നിത്തലയ്ക്ക് പരിചയപ്പെടുത്തിയതെന്നും ശരണ്യ മൊഴിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ചശേഷം ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് എസ് പി ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്ത് പറയരുതെന്നായിരുന്നു ഭീഷണിയെന്നാണ് ശരണ്യ പറഞ്ഞിരിക്കുന്നത്.

ജോലി ഒന്നും ഇല്ലാതെ വിഷമിച്ച കാലത്ത് കോണ്‍ഗ്രസുകാരാണ് തന്നെ സമീപിച്ച് ജോലി വാഗ്ദാനം ചെയ്തതെന്നാണ് അവര്‍ പറയുന്നത്. മികച്ച ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് ഒന്നരലക്ഷം രൂപയും വാങ്ങി. പിന്നീട് ജോലിയെപ്പറ്റി തിരക്കിയപ്പോള്‍ ആറ് പേരുകൂടെ ഉണ്ടെങ്കില്‍ മാത്രമേ ജോലി ലഭിക്കൂ എന്നായിരുന്നു മറുപടി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. ഇതില്‍ താന്‍ സംശയം പ്രകടിപ്പിച്ചപ്പോഴാണ് തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേയ്ക്ക് നേരിട്ട് കൂട്ടിക്കൊണ്ടുപോയതെന്നാണ് ശരണ്യയുടെ വാദം. ആഭ്യന്തരമന്ത്രിയെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒന്നും പേടിക്കേണ്ട എല്ലാം കൃത്യമായി നടക്കുമെന്ന് വേണു ആശ്വസിപ്പിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അവരോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ മൊഴിമാറ്റി പറയുവാന്‍ നിര്‍ബന്ധിക്കുകയാണ് ഉണ്ടായതെന്നും ശരണ്യ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ മൊഴിയ്ക്ക് അടിസ്ഥാനമായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ചെന്നിത്തലയുടെ സ്റ്റാഫിനെ ക്രൈംബ്രാഞ്ച് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ശരണ്യയെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത കള്ളനോട്ടിനെ കുറിച്ചും പൊലീസിന്റെയും പി.എസ്.സിയുടേയും സീലുകളെ സംബന്ധിച്ചും വ്യക്തമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. തട്ടിപ്പ് പണത്തിന്റെ വീതംവെയ്പിനെ കുറിച്ചും കൃത്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങള്‍ പുനരന്വേഷണത്തിലൂടയേ വെളിവാകുകയുളളൂവെന്നാണ് തട്ടിപ്പിനിരയായവരും വിശ്വസിക്കുന്നത്.

Express View

Top