സ്വാമിയുടെ ലിംഗം മുറിച്ച സംഭവവും ദിലീപിന്റെ അറസ്റ്റും, സര്‍വ്വത്ര ദുരൂഹത !

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പേട്ടയില്‍ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസ്. ഈ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെങ്കിലും ദുരൂഹത വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്നാണ് ഗൂഡാലോചന നടത്തി സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത്, വാദി തന്നെ പ്രതികളാകുന്ന അവസ്ഥയാണിത്. ഗംഗേശാനന്ദ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചുവെന്ന് ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി പിന്നീട് ഈ മൊഴി മാറ്റിപ്പറഞ്ഞിരുന്നു എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം.

സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി ആദ്യം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുക്കുകയാണ് ഉണ്ടായത്. മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ സമാന മൊഴിയാണ് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തില്‍ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറയുകയാണ് ഉണ്ടായത്.

വിവാദം ശക്തമാകുന്നതിനിടെ കേസില്‍ വീണ്ടും വഴിത്തിരിവുകള്‍ ഉണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാന്‍ ശ്രമിച്ചതെന്നും കാണിച്ച് പെണ്‍കുട്ടി വീണ്ടും പൊലീസിനെ സമീപിക്കുകയുണ്ടായി. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമയാണ് മൊഴി നല്‍കിയിരുന്നത്. കേസില്‍ നിന്നും തലയൂരാനും കൂടുതല്‍ നാണക്കേട് ഒഴിവാക്കാനുമാണ് സ്വാമി നിലപാടില്‍ നിന്നും മലക്കം മറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം.

കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ, 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു എങ്കിലും കാര്യമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. കേസ് വിശദമായി അന്വേഷിച്ചു എന്ന് അവകാശപ്പെടുന്ന ക്രൈംബ്രാഞ്ച് സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന നിഗമനത്തിലാണ് ഒടുവില്‍ എത്തിചേര്‍ന്നിരിക്കുന്നത്.

സുഹൃത്തായ അയപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയതെന്നും ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നുമാണ് കണ്ടെത്തല്‍. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയതെന്നും കത്തിവാങ്ങി നല്‍കിയത് അയ്യപ്പദാസാണ് എന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളില്‍ പരിശോധിച്ച അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചതായാണ് കണ്ടെത്തല്‍.

ഉറക്കത്തില്‍ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് സംഘം വ്യക്തത വരുത്തിയിട്ടുമുണ്ട്. കുറ്റകൃത്യത്തില്‍ മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുമ്പോള്‍ സ്വാമിയുടെ ആദ്യമൊഴിയും പരാതിയും കൂടിയാണ് വീണ്ടും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതാകട്ടെ അന്വേഷണ സംഘത്തെ പ്രതിക്കൂട്ടില്‍ ആക്കുന്നതുമാണ്.

തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി സന്ധ്യയുടെ അറിവോടെയാണെന്നാണ് സ്വാമി ഗംഗേശാനന്ദയുടെ ആരോപണം. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കൈയെടുത്തതാണ് സന്ധ്യക്ക് തന്നോട് വിരോധമുണ്ടാകാനുള്ള കാരണമെന്നും, അദ്ദേഹം ആരോപിച്ചിരുന്നു. ‘പെണ്‍കുട്ടി തന്റെ ജനനേന്ദ്രിയം മുറിച്ച സമയത്ത് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ സ്വാമി എന്നാല്‍, ആ സംഭവത്തിന് ശേഷം പെണ്‍കുട്ടി ആദ്യം പോയത് സന്ധ്യയുടെ വീട്ടിലേക്കാണെന്നാണ് ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്.

”താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലന്നും, ബി സന്ധ്യയുടെ സ്വാധീനത്താലാണ് പെണ്‍കുട്ടി തനിക്കെതിരെ പീഡനം ആരോപിച്ചതെന്നുമാണ് സ്വാമിയുടെ പ്രതികരണം. ഇതിനായി പെണ്‍കുട്ടിയെ അയ്യപ്പദാസ് പ്രേരിപ്പിച്ചു എന്നാണ് സ്വാമി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡി.ജി.പി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു.” ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം സന്ധ്യ വാങ്ങിയിരിക്കുകയാണെന്നും വര്‍ഷങ്ങളായി ഗംഗേശാനന്ദയുടെ നേതൃത്വത്തില്‍ ഇതിനെതിരെ സമരം നടന്നു വരികയാണെന്നും, ഇതിന്റെ പ്രതികാരമായാണ് ലിംഗം മുറിച്ചതെന്നുമാണ് ”, പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ‘അഴിമുഖത്തിനു’ നല്‍കിയ അഭിമുഖത്തില്‍, പി.സി ജോര്‍ജും ആരോപിച്ചിരുന്നത്.

ഇക്കാര്യങ്ങളെ കുറിച്ച് എല്ലാം എന്ത് അന്വേഷണമാണ് നടത്തിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചനു നേരെ ഉയര്‍ന്നിരിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും സഹായിയേയും പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്ന ക്രൈംബ്രാഞ്ചിന് വിചാരണ കോടതിയില്‍ ഈ ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം നല്‍കേണ്ടിവരും. അതല്ലങ്കില്‍, ഇവിടെയും പ്രോസിക്യൂട്ടര്‍മാര്‍ക്ക് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. അതാണ് അവസ്ഥ …

ക്രിമിനല്‍ ഗൂഢാലോചന സൂപ്പര്‍താരം നടത്തിയാലും ഐ.പി.എസുകാരി നടത്തിയാലും കുറ്റകരം തന്നെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പെടെ ഉള്ളവരുടെ ഫോണുകള്‍ പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, എന്തുകൊണ്ടാണ് സ്വാമിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി സന്ധ്യയുടെ ഫോണുകള്‍ പരിശോധിക്കാതിരുന്നത് ? നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ കടയിലേക്ക് പള്‍സര്‍ സുനി പോയെന്നു പറയുന്ന പൊലീസ് എന്തുകൊണ്ടാണ് ബി.സന്ധ്യയുടെ വീട്ടിലേക്ക് സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടി പോയതെന്ന ആരോപണത്തിനു കൂടി മറുപടി പറയേണ്ടതുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന മുന്‍ നിര്‍ത്തി നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതു തന്നെ സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ ബി.സന്ധ്യക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരുന്നത് വഴിതിരിച്ചു വിടാനാണെന്ന ആരോപണം അക്കാലത്ത് തന്നെ ശക്തമായിരുന്നു. 2017 ജൂലൈ 10 നാണ് ദിലീപ് അറസ്റ്റിലായിരുന്നത്. സ്വാമിക്കെതിരായ ആക്രമണമുണ്ടായതാകട്ടെ 2017 മെയ് 20നും ആയിരുന്നു. ഇതു സംബന്ധമായി സന്ധ്യക്കെതിരെ ആരോപണം ശക്തിപ്പെട്ടു തുടങ്ങിയ ഘട്ടത്തിലാണ് ദിലീപിനെ സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിരുന്നത്. ചോദ്യം ചെയ്യല്‍ പരമ്പരക്കൊടുവിലാണ് തികച്ചും നാടകീയമായി ദിലീപിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നത്.

ഈ ദിവസങ്ങളിലെല്ലാം കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ദിലീപിനെ ചുറ്റി പറ്റിയായിരുന്നു. സ്വാമിയുടെ ലിംഗ ഛേദന കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കെതിരെ ഉയുന്ന ആരോപണങ്ങള്‍ എല്ലാം ഈ ഓളത്തില്‍ മുങ്ങിപ്പോവുകയാണ് ഉണ്ടായത്. ഒരു ചാനലും അക്കാര്യം ചര്‍ച്ച ചെയ്തില്ല. നിഷ്പക്ഷ നീരീക്ഷകരായി ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞാടുന്നവരും ഇതെല്ലാം കണ്ടില്ലന്നു നടിക്കുകയാണ് ഉണ്ടായത്. അവരെല്ലാം ദിലീപിനു പിന്നാലെ മാത്രമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് പോലെ തന്നെ സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ച സംഭവമാണ് ഒരു സ്വാമിയുടെ ലിംഗം പെണ്‍കുട്ടി ഛേദിച്ച സംഭവവും …

പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതായി ആരോപിക്കുന്നവര്‍ എന്തു കൊണ്ടാണ് എ.ഡി.ജി.പിക്ക് എതിരായ സമാനമായ ആരോപണം ചര്‍ച്ച ചെയ്യാതിരുന്നത് എന്നതിനും മറുപടി പറഞ്ഞേ പറ്റൂ. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചതും ദിലീപിനെ അറസ്റ്റു ചെയ്തതും എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായതിനാല്‍ പിന്നില്‍ സിനിമയെ വെല്ലുന്ന പൊലീസ് ‘തിരക്കഥ’ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പൊതു സമൂഹത്തില്‍ തന്നെ സംശയങ്ങളും ഏറെയാണ്. ഇക്കാര്യത്തില്‍ സത്യസന്ധമായ ഒരു വിശദീകരണമാണ് ക്രൈംബ്രാഞ്ചില്‍ നിന്നും ഉണ്ടാകേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ് . . .

EXPRESS KERALA VIEW

Top