Swamy’s Controversial comments; Jaitley expresses his disgust over BJP’s stand

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ എം.പിയായ സുബ്രഹ്മണ്യന്‍ സ്വാമി ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ ബി.ജെ.പി നേതൃത്വം ഗൗരവമായി കാണാത്തതില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് അതൃപ്തി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു നേരെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് നേരെയും സ്വാമി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍, വിമര്‍ശനങ്ങള്‍ വ്യക്തിപരമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതൃത്വം കൈ കഴുകുകയായിരുന്നു. ഇതാണ് ജെയ്റ്റ്‌ലിയെ ചൊടിപ്പിച്ചിരിക്കുന്നത്.

സ്വാമി ട്വിറ്ററിലൂടെ നടത്തുന്ന പരാമര്‍ശങ്ങളെ വ്യക്തിപരം എന്നു പറഞ്ഞ് തള്ളാനാവില്ലെന്നാണ് ജെയ്റ്റ്‌ലിയുടെ നിലപാട്. ബിജെപിയില്‍ അംഗമായിരിക്കുന്ന ഒരാള്‍ തന്നെ സര്‍ക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കു നേരെ വിമര്‍ശനം ഉന്നയിക്കുന്നത് ചെറുതായി കാണാനാവില്ലെന്നാണ് ജെയ്റ്റ്‌ലിയുടെ നിലപാട്.

രഘുറാം രാജനും അരവിന്ദ് സുബ്രഹ്മണ്യനും നേരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനു നേരേയും സ്വാമി വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്വാമിയുടെ നിരന്തര വിമര്‍ശനം കാരണം തനിക്കും തന്റെ വകുപ്പിനും അവമതിപ്പ് ഉണ്ടാവുന്നു എന്നും ജെയ്റ്റ്‌ലി പരാതിപ്പെടുന്നു. ചൈനയിലുള്ള ജെയ്റ്റ്‌ലി തിരിച്ചെത്തിയാലുടന്‍ തന്റെ വകുപ്പിനു നേരെ സ്വാമിയുടെ വിമര്‍ശനങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്രയും വിമര്‍ശനം ഉന്നയിച്ചിട്ടും സ്വാമിക്കെതിരെ ഒരു വാക്കു പോലും പരസ്യമായി പറയാന്‍ ബി.ജെ.പി നേതാക്കള്‍ ആരും തന്നെ മുന്നോട്ട് വന്നില്ലെന്നതും ശ്രദ്ധേയമാണ്. സ്വാമിയുടെ വിമര്‍ശനങ്ങള്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് സമൂഹത്തിന്റെ ആത്മവീര്യം കെടുത്തുമെന്നും ഉദ്യോഗസ്ഥരെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ജെയ്റ്റ്‌ലിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സ്വാമിയുടെ വിമര്‍ശനങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഉദ്യോഗസ്ഥ അതൃപ്തിക്ക് അതിടയാക്കുമെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Top