ഗംഗാനദിക്കായി നിരാഹാരം അനുഷ്ഠിച്ചിരുന്ന സ്വാമി ജ്ഞാന സ്വരൂപ് അന്തരിച്ചു

ന്യൂഡല്‍ഹി: നാലു മാസത്തോളമായി നിരാഹാരം അനുഷ്ഠിച്ചുവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ഡി അഗര്‍വാള്‍ (സ്വാമി ജ്ഞാന സ്വരൂപ് സാനംദ് ) അന്തരിച്ചു. ഗംഗാനദി ശുചീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇദ്ദേഹം നിരാഹാരം അനുഷ്ഠിച്ചിരുന്നത്. ഋഷികേശിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസ്സുണ്ടായിരുന്ന ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്.

ഗംഗാ സംരക്ഷണത്തിനു നിയമം നിര്‍മ്മിക്കണമെന്നും ഉത്തരാഖണ്ഡിലെ ഉത്തരകാശിക്കും ഗംഗോത്രിക്കും ഇടയില്‍ നദിയുടെ തടസമില്ലാത്ത ഒഴുക്ക് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വാമിയുടെ സമരം. സ്വാമി ജ്ഞാന സ്വരൂപ് സാനംദ് എന്നായിരുന്നു അഗര്‍വാള്‍ അറിയപ്പെട്ടിരുന്നത്. 109 ദിവസം നിരാഹാരം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ഇന്നലെ പോലീസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

നിരാഹാര സമരത്തില്‍ അദ്ദേഹം ഗംഗാ ജലവും തേനും ചേര്‍ത്തുള്ള പാനീയം മാത്രമായിരുന്നു കഴിച്ചിരുന്നത്. രണ്ടു ദിവസം മുമ്പ് അധികൃതരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വെള്ളവും അദ്ദേഹം ഉപേക്ഷിച്ചു. കാണ്‍പുര്‍ ഐഐടിയിലെ പ്രഫസറായിരുന്നു അഗര്‍വാള്‍. കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Top