ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നത്; സ്വാമി സന്ദീപാനന്ദ ഗിരി

കൊച്ചി: കൊറോണ വൈറസ് കനത്ത ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുപരിപാടികള്‍ റദ്ദാക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നതുള്‍പ്പെടെ നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി രജിത് കുമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രത്യക്ഷപ്പെട്ട ആള്‍ക്കൂട്ടം. വന്‍ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.

ഇപ്പോഴിതാ നെടുമ്പാശേരി വിമാനത്താവളത്തില്‍, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് റിയാലിറ്റി ഷോ താരം രജിത് കുമാറിന് സ്വീകരണം നല്‍കിയതിനെതിരെ രംഗത്ത് വന്നിരിക്കുകയായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരി.

ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഭാരതീയ ആചാര്യൻ മനുഷ്യരുടെ ബുദ്ധിയെ നാലു ഗണത്തിലായി തരംതിരിച്ചിരിക്കുന്നു.
1: #മന്ദബുദ്ധി;ഈകൂട്ടർ ജന്മനാ ബുദ്ധിമാന്ദ്യമുള്ളവരാണ്.ഇവരിൽനിന്ന് അല്പംപോലും വകതിരിവ് പ്രതീക്ഷിക്കരുത്.
2.സ്ഥൂലബുദ്ധി;ഈകൂട്ടർ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരും,ശിക്ഷണത്തിനനുസരിച്ച് സമൂഹത്തിൽ പ്രവർത്തിക്കുന്നവരുമാണ്.
3.തീക്ഷണബുദ്ധി;ഇവരുടെ ബുദ്ധി ഏകാഗ്രവും കാര്യങ്ങളുടെ കാരണത്തെഗ്രഹിക്കാൻ പ്രാപ്തവുമായതായിരിക്കും.
4.സൂക്ഷബുദ്ധി; ഈ കൂട്ടരെ സാരഗ്രാഹികൾ എന്നും വിളിക്കാം ഏത് വിഷയത്തിന്റേയും സാരം ഗ്രഹിക്കാൻ പ്രാപ്തരായവരാണീകൂട്ടർ.
മലയാളികൾ പൊതുവെ സാരഗ്രാഹികളാണെന്നായിരുന്നു ധാരണ.
ചില നേരം നമ്മുടെ തൊലിയുരിഞ്ഞ് പോയി എന്നു പറയാറില്ലേ!
ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു.
മനസ്സിനൊരു സമാധാനം കിട്ടാനുള്ള വഴി ഗോമൂത്രംകൊണ്ട് കൊറോണ ട്രീറ്റ് നടത്തിയ ഹിന്ദു മഹാസഭ ഇവരെ തങ്ങളുടെ അണികളായി പ്രഖ്യാപിച്ചാ മതിയായിരുന്നു.

Top