സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച പെണ്‍കുട്ടിയെ രാത്രിയോടെ സുപ്രീംകോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച പെണ്‍കുട്ടിയെ രാത്രിയോടെ സുപ്രീംകോടതിയില്‍ ഹാജരാക്കും. കാണാതായ പെണ്‍ക്കുട്ടിയെ രാവിലെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതി സ്വമേധയാ കേസ് പരിഗണിച്ച് പെണ്‍കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി, ഫേസ്ബുക്കിലൂടെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് നിയമവിദ്യാര്‍ഥിനിയെ കണ്ടെത്തിയിരുന്നത്.

മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ സംഭവം വിവാദമായതോടെ വ്യാഴാഴ്ച സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

യുവതിയെ ആണ്‍സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ കണ്ടെന്ന് യു.പി. പോലീസ് വ്യാഴാഴ്ച അവകാശപ്പെടുകയുണ്ടായി. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കവേയാണ് രാജസ്ഥാനില്‍ നിന്ന് വിദ്യാര്‍ഥിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചത്.

ഇതിനിടെ, ആരോപണവിധേയനായ സ്വാമി ചിന്മയാനന്ദന് വേണ്ടി അഭിഭാഷകന്‍ ഹാജരായത് തര്‍ക്കത്തിന് കാരണമായി. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു ചിന്മയാനന്ദന്റെ പക്ഷം. ഇതിനെ മറ്റ് അഭിഭാഷകര്‍ എതിര്‍ത്തു. പെണ്‍ക്കുട്ടിയെ രഹസ്യമായി കേള്‍ക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന്, പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. ബാനുമതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Top