ബലാത്സംഗ കേസ്; സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

ലഖ്നൗ: ബലാത്സംഗക്കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. 23കാരിയായ നിയമ വിദ്യാർഥിനി നൽകിയ ബലാത്സംഗ കേസിൽ ഷാജഹാൻപൂരിലെ ആശ്രമത്തിൽനിന്നാണ് ചിൻമയാനന്ദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തുകയും മണിക്കൂറുകളോളം ബി.ജെ.പി നേതാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ബി.ജെ.പി നേതാവിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി ആരോപിച്ചിരുന്നു.

ചിന്മയാനന്ദ് ഡയറക്ടറായ നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ചിന്മയാനന്ദ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്‌ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് നിയമ വിദ്യാര്‍ഥിനി നേരത്തെ മൊഴി നല്‍കിയിരുന്നു. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നത്. പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

Top