യോഗി പറഞ്ഞ “വൈറസിനെ” അടക്കം കൂട്ട് പിടിച്ച് മത്സരിക്കണമെന്ന് സ്വാമിജി !

സ്വാമി ചിദാനന്ദപുരിയെ ബി.ജെ.പിക്കാര്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലങ്കില്‍ ഇപ്പോഴേ അക്കാര്യം തുറന്നു പറയണം.

ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ 18 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി വോട്ട് നല്‍കണമെന്ന സ്വാമിയുടെ നിലപാടിനോടുള്ള അഭിപ്രായം മുസ്ലീം ലീഗും വ്യക്തമാക്കണം. കാരണം ഈ 18ല്‍ മലപ്പുറവും പൊന്നാനിയും പെടും. ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന ശബരിമല കര്‍മ്മസമിതിയുടെ രക്ഷാധികാരിയാണ് ചിദാനന്ദപുരി എന്നതിനാല്‍ ഈ അഭിപ്രായ പ്രകടനങ്ങളെ നിസാരമായി കാണാന്‍ കഴിയില്ല.

ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. കെ.സുധാകരനെ പോലെയുള്ള നേതാക്കള്‍ ശബരിമല സമരത്തില്‍ നല്‍കിയ സേവനങ്ങള്‍ മറക്കാനാകില്ലന്നും ചിദാനന്തപുരി ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് കൊളത്തൂരിലെ അദ്വൈതാശ്രമം അധിപനായ ഈ സ്വാമി സംഘ പരിവാര്‍ സംഘടനകളുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന നാമജപ സമരത്തിന്റെ മുന്നണി പോരാളി ആയിരുന്നു ചിതാനന്ദപുരി.

udf

ബി.ജെ.പി യു.ഡി.എഫുമായി അടവുപരമായ സഖ്യമുണ്ടാക്കി ഇടതുപക്ഷത്തിന്റെ തോല്‍വി ഉറപ്പാക്കണമെന്നതാണ് സ്വാമിയുടെ ഉറച്ച അഭിപ്രായം. 20 സീറ്റില്‍ ജയിക്കാന്‍ ബി.ജെ.പിക്ക് കഴിയാത്തതിനാല്‍ ഹിന്ദു വോട്ട് പ്രായോഗികമായി വിനയോഗിക്കാനാണ് ആഹ്വാനം.ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ്, മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ്സ് എന്നീ കക്ഷികളേതായാലും അതിന്റെ പിന്തുണ തേടണമെന്നും മറ്റിടത്ത് തിരിച്ച് സഹായിക്കണമെന്നുമാണ് സംഘപരിവാര്‍ അണികള്‍ക്കുള്ള ഉപദേശം. അതായത് തിരുവനന്തപുരവും പത്തനംതിട്ടയുമൊഴികെ വോട്ട് മറിക്കണമെന്നതാണ് ഉള്ളിലിരുപ്പ്.

ശബരിമല വിഷയം ഇടതു സര്‍ക്കാറിനെ അടിക്കാനുള്ള വടിയായി പരമാവധി ഉപയോഗപ്പെടുത്തിയാല്‍ നേട്ടം കൊയ്യാമെന്നാണ് ചിദാനന്തപുരി അഭിപ്രായപ്പെടുന്നത്.

സംഘപരിവാറിന്റെ അടുത്ത ആളായ കൊളത്തൂര്‍ മഠാധിപതി അഭിമുഖത്തില്‍ താന്‍ ബി.ജെ.പിക്കാരനല്ലന്നും അവകാശപ്പെടുന്നുണ്ട്. തന്റെ അഭിപ്രായം രാഷ്ട്രീയ കക്ഷികളുടെ ശരിയായ തീരുമാനത്തിന് വഴികാട്ടിയാകുമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് അഭിമുഖം അദ്ദേഹം അവസാനിപ്പിക്കുന്നത്.

വടകര ഉള്‍പ്പെടെ കോ-ലീ-ബി സഖ്യ സാധ്യത ആരോപിക്കുന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് സംഘ പരിവാര്‍ സഹയാത്രികനായ സ്വാമിയുടെ ഈ അഭിപ്രായ പ്രകടനങ്ങള്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രചരണമാക്കുന്ന ബി.ജെ.പിക്ക് കര്‍മ്മ സമിതിയുടെ തലപ്പത്തുള്ള ചിതാനന്ദപുരിയുടെ അഭിപ്രായത്തിലുള്ള നിലപാട് വ്യക്തമാക്കാന്‍ ഇനി ബാധ്യതയുമുണ്ട്.

cpm

കേന്ദ്രത്തില്‍ കീരിയും പാമ്പുമായി മോദിയും രാഹുലും ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ മാത്രം അവിശുദ്ധ സഖ്യം ഉരുതിരിയുന്നുണ്ടെങ്കില്‍ അത് അവരുടെ ഉദ്യേശ ശുദ്ധിയെ തന്നെയാണ് ചോദ്യം ചെയ്യുക. ഇക്കാര്യം വ്യക്തവുമാണ്. വൈറസ് എന്ന പദം ലീഗിന് നല്‍കിയ യോഗി ആദിത്യനാഥും സ്വാമി ചിദാനന്ദപുരിയുടെ നിലപാടിലുള്ള അഭിപ്രായം തുറന്ന് പറയണം. കാരണം നിങ്ങള്‍ പറഞ്ഞ വൈറസിനെയും ഒപ്പം കൂട്ടണമെന്നാണ് ചിദാനന്ദപുരി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. .

യോഗിയുടെ അത്ര യോഗ്യത ഇല്ലങ്കിലും ചിദാനന്ദപുരിയും ഒരു യോഗി തന്നെയാണല്ലോ ? രണ്ടും കാവിയണിഞ്ഞ സന്യാസിമാരാണ്. ആര് പറയുന്നതാണ് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ കേള്‍ക്കേണ്ടതെന്ന കാര്യം കൂടി യോഗി ആദിത്യനാഥ് തന്നെ പറഞ്ഞ് കൊടുക്കണം.

ആശയപരമായ പോരാട്ടമല്ല, മറിച്ച് മനുഷ്യന്റെ വ്യക്തിപരമായ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തെ ഒരു വിഭാഗം കൊണ്ട് പോകുന്നത്. അപകടകരമായ നീക്കമാണിത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പരിചിതമായ വെറുപ്പിന്റെ രാഷ്ട്രീയം ഇവിടെ കമ്യൂണിസ്റ്റുകള്‍ക്കെതിരായ വെറുപ്പിന്റെ രാഷ്ട്രിയമായാണ് മാറിയിരിക്കുന്നത്. ഈ ദൗത്യത്തിനായി പച്ചയും കാവിയും എല്ലാം കൈപ്പത്തിക്ക് കരുത്തേകിയിരിക്കുകയാണ്. ഈ കരുത്ത് മതി ചുവപ്പിനെ തുടച്ച് നീക്കാന്‍ എന്ന് ആഗ്രഹിക്കുന്നവരോട് അത് അതിമോഹമാണ് എന്നതാണ് സി.പി.എം പ്രവര്‍ത്തകരുടെ മാസ് പ്രതികരണം.

Top