മിനി എസ്.യു.വി ജിംനി ഇന്ത്യയിലേക്ക്; അടുത്ത വര്‍ഷം വിപണിയില്‍

ജിംനിയെ അടിസ്ഥാനമാക്കിയുള്ള മിനി എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പാക്കാനൊരുങ്ങി സുസുക്കി. പഴയ ജിപ്‌സിയ്ക്ക് പകരമായി അടുത്ത വര്‍ഷം തന്നെ ജിംനിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷമാണ് ജപ്പാനില്‍ മിനി എസ്.യു.വി ജിംനി സുസുക്കി അവതരിപ്പിച്ചത്. ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളിലാണ് ജപ്പാനില്‍ അവതരിപ്പിച്ചത്. ഇതില്‍ സിയേറയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും ഇന്ത്യയിലെത്തുക.

മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഖുര്‍ഗ എന്നീ മുന്‍നിര വാഹനങ്ങളുടെ എതിരാളിയായാണ് ജിംനിയുടെ മിനി എസ്.യു.വി ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിച്ച് വാഹനം വിപണിയില്‍ ഇറക്കാനുള്ള തീരുമാനത്തിലാണ് സുസുക്കി. വിദേശത്തേക്കുള്ള കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

പരമ്പരാഗത ബോക്‌സി രൂപമാണ് ജിംനിയുടെയും സവിശേഷത. 102 പിസ് പവറും 130 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്‌പെക്ക് ജിംനിക്ക് കരുത്തേകുക. ഇതേ എന്‍ജിന്‍ തന്നെ ഇന്ത്യന്‍ സ്‌പെക്ക് എസ്.യു.വിയിലും ഉള്‍പ്പെടുത്തിയേക്കും. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

Top