ഒന്നാമനായി ഹോണ്ട; ഹീറോയെ പിന്നിലാക്കി സുസുക്കി സ്‌കൂട്ടര്‍ മൂന്നാംസ്ഥാനത്ത്

ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കി സ്‌കൂട്ടര്‍ വില്‍പനയില്‍ മൂന്നാംസ്ഥാനത്ത്. 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷം പകുതിയിലെ വില്‍പന കണക്കിലാണ് സുസുക്കി മുന്നേറ്റം നടത്തിയത്.

അതേസമയം പതിവുപോലെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമന്‍ ടിവിഎസും.SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) പുറത്തുവിട്ട കണക്കുപ്രകാരം 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 341,928 യൂണിറ്റ് സ്‌കൂട്ടറുകളാണ് സുസുക്കി വിറ്റഴിച്ചത്. ഇക്കാലയളവില്‍ 249,365 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിക്കാനെ നാലാം സ്ഥാനത്തുള്ള ഹീറോയ്ക്ക് സാധിച്ചുള്ളു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനെക്കാള്‍ 17.16 ശതമാനം അധിക വളര്‍ച്ചയും സുസുക്കി സ്വന്തമാക്കി. ബാക്കിയുള്ള എല്ലാ മുന്‍നിര കമ്പനികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ വില്‍പന കുറഞ്ഞിട്ടുണ്ട്. ആക്‌സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ വില്‍പനയാണ് സുസുക്കിക്ക് നേട്ടം നല്‍കിയത്.വില്‍പനയില്‍ ഒന്നാംസ്ഥാനത്തുള്ള ഹോണ്ട കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ആകെ 17,32,579 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21,82,860 യൂണിറ്റുകളായിരുന്നു വില്‍പന. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് ഇക്കാലയളവില്‍ 598,617 യൂണിറ്റ് സ്‌കൂട്ടറുകള്‍ നിരത്തിലേക്കെത്തിച്ചു. വില്‍പനയില്‍ അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ യഥാക്രമം യമഹ (157,483 യൂണിറ്റ്), പിയാജിയോ (36,981 യൂണിറ്റ്), മഹീന്ദ്ര (480 യൂണിറ്റ്) എന്നീ കമ്പനികളാണ്.

Top