വികസിത രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോര്‍

മുംബൈ: ആഗോള വിപണിയിലേക്ക് ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോര്‍ ഇന്ത്യ. ജപ്പാന്‍, ന്യൂസിലാന്റ് തുടങ്ങിയ വികസിത വിപണിയിലേക്ക് നോട്ടമിട്ടാണ് കമ്പനി തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് കമ്പനിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കയറ്റുമതി വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ കമ്പനി ശ്രമിക്കുന്നത്.

ആഗോള വിപണിയില്‍ ഇന്ത്യന്‍ മോഡല്‍ വാഹനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കുകയാണെന്നും ഇതിനെ മുതല്‍ക്കൂട്ടാക്കാനാണ് ശ്രമമെന്നും കയറ്റുമതി പദ്ധതിയെ കുറിച്ച് കമ്പനിയുടെ തലവന്‍ സതോഷി ഉചിദ പിടിഐയോട് പറഞ്ഞു.

ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍, ദക്ഷിണ-പൂര്‍വ ഏഷ്യ എന്നിവിടങ്ങളെയും ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി വര്‍ധിപ്പിക്കാനാണ് ശ്രമം. കൊവിഡ് കാലത്ത് ലോകത്താകമാനം വിപണിയില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ക്കും കയറ്റുമതി കുറഞ്ഞതെന്ന് സതോഷി ഉചിദ പറഞ്ഞു.

ചില രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് കയറ്റുമതി വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് ഇന്ത്യക്ക് പുറത്ത് വില്‍ക്കാനാണ് കമ്പനിയുടെ ശ്രമം. അതിന്റെ ഭാഗമായി ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമിടുന്നതായി കമ്പനിയുടെ സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു.

അതേസമയം ഇതുവരെ കമ്പനിക്ക് നല്ല സ്വാധീനം ഉണ്ടായിരുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും കൊളംബിയയിലും മെക്‌സിക്കോയിലും ബംഗ്ലാദേശിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും പിന്നോട്ട് പോകാനും കമ്പനി ആഗ്രഹിക്കുന്നില്ല.

Top