കൊറോണ: വാഹന വിപണിയും പ്രതിസന്ധിയില്‍; സുസൂക്കിയും പ്ലാന്റുകള്‍ അടച്ചു

കൊറോണ വൈറസ് നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് ഇന്ത്യയിലെ വാഹനവിപണിയെയും പ്രതിസന്ധിയിലാക്കുന്നു.വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി വാഹനനിര്‍മാതാക്കള്‍ ഉല്‍പ്പാദനം നിര്‍ത്തി വച്ചിരിക്കുന്നത്.

ഏറ്റവും ഒടുവിലായി ഈ തീരുമാനം എടുത്തിരിക്കുന്നത് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ ആണ്. സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റാണ് താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. 50 ശതമാനം ജീവനക്കാരെ വീതും ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സുസുക്കി പ്ലാന്റ് താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് സുസുക്കി പ്രാധാന്യം കല്‍പ്പിക്കുന്നത്. അതുകൊണ്ട് പ്ലാന്റ് താത്കാലികമായി അടച്ചിടുകയാണെന്നും ഓഫീസ് ജോലികള്‍ ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ എംഡി അറിയിച്ചു.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി, മഹീന്ദ്ര,ടാറ്റ മോട്ടോഴ്സ്,മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നിവയുടെ പ്ലാന്റുകളിലും നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്.ഗുരുഗ്രാം, മനേസര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് മാരുതി അടച്ചിട്ടത്.

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റും ടൊയോട്ടയുടെ ബെംഗളൂരുവിലെ പ്ലാന്റും അടച്ചു കഴിഞ്ഞു.

കൊറോണ വ്യാപിക്കുന്നത് കണക്കിലെടുത്ത് ഹീറോ മോട്ടോകോര്‍പ്പും, ഹോണ്ട ടൂവീലേഴ്സും മാര്‍ച്ച് 31 വരെ നിര്‍മാണ പ്ലാന്റുകള്‍ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയ്ക്ക് പുറമെ, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്ലാന്റുകളും താത്കാലികമായി അടച്ചിരിക്കുകയാണ്.

Top