പുതിയ 250 സിസി ജിക്സറുമായി സുസുക്കി വിപണിയില്‍ ; വില 1.70 ലക്ഷം രൂപ

പുതിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1.70 ലക്ഷം രൂപ വിലയിലാണ് സുസുക്കി ജിക്സര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.

പൂര്‍ണ്ണ ഫെയറിങ്ങ് ശൈലിയുണ്ടെങ്കിലും എഞ്ചിന്‍ കേസിങ് തുറന്നുകാട്ടും വിധമാണ് ജിക്സര്‍ 250 -യുടെ രൂപകല്‍പ്പന. മൂന്നു ഇതളുകള്‍ കണക്കെയുള്ള ഹെഡ്ലാമ്പ് എല്‍ഇഡി യൂണിറ്റാണ്. മൂര്‍ച്ചയേറിയ ഫെയറിങ് ഘടന ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. ഇരട്ട ബാരല്‍ ശൈലിയാണ് എക്സ്ഹോസ്റ്റ് യൂണിറ്റ് പിന്തുടരുന്നത്. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറാണ് ജിക്സര്‍ 250 -യില്‍ ഒരുങ്ങുന്നത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ്.

ബൈക്കില്‍ തുടിക്കുന്ന 249 സിസി ഒറ്റ സിലിണ്ടര്‍ SOHC എഞ്ചിന് 26 bhp കരുത്തും 22.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ജിക്സര്‍ 250 -യിലെ ഗിയര്‍ബോക്സ്. ശ്രേണിയില്‍ എതിരാളിയായ ഹോണ്ട CBR250R -നെക്കാള്‍ കൂടുതല്‍ കരുത്തുത്പാദനം സുസുക്കി ജിക്സര്‍ 250 അവകാശപ്പെടുന്നു. 25.7 bhp കരുത്തും 22.9 Nm torque -മാണ് CBR250R കുറിക്കുന്നത്.

38.5 കിലോമീറ്റര്‍ മൈലേജാണ് ജിക്സര്‍ 250 -യില്‍ സുസുക്കി നല്‍കിയിരിക്കുന്നത്. ബൈക്കിന് ഭാരം 161 കിലോ. 17 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ജിക്സര്‍ 250 -യ്ക്ക് കമ്പനി നല്‍കുന്നത്.

Top